Breaking News

കോടോം ബേളൂരിലെ സമഗ്ര ആദിവാസി വികസന പദ്ധതി പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് പഠിക്കുന്നതിനായി നബാർഡ് സംഘം സന്ദർശനം നടത്തി


എണ്ണപ്പാറ: നബാർഡിൻ്റെ ആദിവാസി വികസന ഫണ്ടിൽ പ്പെടുത്തി സെൻ്റർ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (സി.ആർ.ഡി) കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന സമഗ്ര ആദിവാസി വികസന പദ്ധതി പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് പഠിക്കുന്നതിനായി നബാർഡ് സംഘം സന്ദർശനം നടത്തി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള 27 നബാർഡ് ഓഫീസർമാരാണ് നബാർഡിൻ്റെ ഡെപ്യൂട്ടി ജനറൽ മാനേജറായ വൈദ്യനാഥ് സിംഗ് നയിച്ച സംഘത്തിലുണ്ടായിരുന്നത്. മംഗലാപുരത്തെ നബാർഡ് പരിശീലന കേന്ദ്രമായ ബേർഡിൽ നടക്കുന്ന പരിശീലന പരിപാടിയുടെ ഭാഗമായിരുന്നു സന്ദർശനം. നബാർഡിൻ്റെ സഹായത്തോടെ CRD നടപ്പിലാക്കുന്ന സമഗ്ര ആദിവാസി വികസന പദ്ധതി നിർവ്വഹണ രീതി മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം. 2023 മാർച്ചിൽ ആരംഭിച്ച പദ്ധതി പ്രവർത്തനം 2028 ൽ പൂർത്തീകരിക്കും. 4.26 കോടി രൂപ ആകെ ചെലവ് വരുന്ന പദ്ധതിയിൽ 3.24 കോടി രൂപ നബാർഡ് ഗ്രാൻ്റും 1.02 കോടി രൂപ ഗുണഭോക്തൃ വിഹിതവും ബാങ്ക് വായ്പയുമാണ്. ദീർഘകാല വിളകളായ തെങ്ങ്, കമുക്, കുരുമുളക്, കശുമാവ് കൃഷിയോടൊപ്പം ഇടവിളയായി ചേന, മഞ്ഞൾ, പച്ചക്കറികളും പദ്ധതിയുടെ  ഭാഗമായി നടപ്പിലാക്കി. ആട് വളർത്തൽ, പശുവളർത്തൽ, തേനീച്ച കൃഷി,  തുടങ്ങിയ വ്യക്തിഗത ജീവനോപാധി പ്രവർത്തനങ്ങളും ഗ്രൂപ്പ് സംരംഭങ്ങളായ ഡിന്നർസെറ്റ്, വനിത തയ്യൽ യൂണിറ്റ്, കുട നിർമ്മാണ യൂണിറ്റ്, യന്ത്രവൽകൃത കിണർ നിർമ്മാണ യൂണിറ്റ്, ചൂരൽ തടുപ്പ നിർമ്മാണം, കോഴിഫാം, വനിതാ ശിങ്കാരിമേളം തുടങ്ങിയവയും കേരള ഗ്രാമീണ ബാങ്കിൻ്റെ കാലിച്ചാനടുക്കം ബ്രാഞ്ചിൽ നിന്നും 20 ലക്ഷം രൂപ വായ്പയെടുത്ത്  ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. വിവിധ തൊഴിൽ സംരംഭങ്ങളും കൃഷിയിടങ്ങളും സംഘം സന്ദർശിച്ചു. സി ആർ ഡി ഡയറക്ടർ ഡോ. ശശികുമാർ സി, പ്രോജക്ട് മാനേജർ കെ.എ. ജോസഫ്. പദ്ധതി തല ആദിവാസി വികസന സമിതി പ്രസിഡണ്ട് രമേശൻ മലയാറ്റുകര, സെക്രട്ടറി എം. പത്മനാഭൻ എന്നിവർ നേതൃത്വം നൽകി

No comments