Breaking News

കേരള കേന്ദ്ര സർവ്വകലാശാലക്ക് കീഴിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കണമെന്ന ആവശ്യത്തിൽ ഇടപെടലുമായി ബിജെപി ആവശ്യം ഉന്നയിച്ച് എം.എൽ. അശ്വിനി സുരേഷ് ഗോപിയുമായി കൂടിക്കാഴ്ച നടത്തി

കാസർകോട്: കേരള കേന്ദ്ര സർവ്വകലാശാലക്ക് കീഴിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിൽ ഇടപെടലുമായി ബിജെപി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ വലിയ തോതിൽ വോട്ട് വർദ്ധനവുണ്ടായതും എൻഡോസൾഫാൻ വിഷയത്തിലടക്കം ഇടപെട്ട് സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായതുമാണ് വിഷയം സജീവമാക്കാൻ ബിജെപിയെ പ്രേരിപ്പിച്ചത്. തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായ എംഎൽ അശ്വിനി മെഡിക്കൽ കോളേജ് സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

ആവശ്യം ഉന്നയിച്ച് എം.എൽ. അശ്വിനി ഇന്നലെ സുരേഷ് ഗോപിയുമായി കണ്ണൂരിൽ കൂടിക്കാഴ്ച നടത്തി. ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പികെ കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് എന്നിവർക്കൊപ്പം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഇത് സംബന്ധിച്ച നിവേദനവും നൽകി. വിഷയത്തിൽ ഇടപെടൽ നടത്താമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. സർവ്വകലാശാലയുടെ തുടക്കം മുതൽ ചർച്ചയിലുള്ള മെഡിക്കൽ കോളേജ് ഇതിന്റെ മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ടതാണ്. 50 ഏക്കർ സ്ഥലവും നീക്കിവെച്ചിട്ടുണ്ട്. സർവ്വകലാശാല നീക്കം നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. മഹിളാമോർച്ച ദേശീയ നിർവ്വാഹക സമിതിയംഗമെന്ന നിലയിൽ അശ്വിനിക്ക് ദേശീയ നേതൃത്വവുമായും ബന്ധമുണ്ട്. ഇതുപയോഗിച്ച് നീക്കം ഊർജ്ജിതപ്പെടുത്താനാണ് ശ്രമം. മെഡിക്കൽ കോളജ് സ്ഥാപിക്കുമെന്ന വാഗ്ദാനത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും അതിനായുള്ള പരിശ്രമം നടത്തുമെന്നും അശ്വിനി എം.എൽ പറഞ്ഞു.

No comments