Breaking News

വെള്ളക്കെട്ടിൽ വീണ് മരിച്ച ഇരട്ടക്കുട്ടികൾക്ക് നാടിന്റെ കണ്ണുനീരിൽ കുതിർന്ന യാത്രാമൊഴി

ചീമേനി: ചെങ്കൽപണയിലെ വെള്ളക്കെട്ടിൽ വീണ് മരിച്ച ഇരട്ടക്കുട്ടികൾക്ക് നാടിന്റെ കണ്ണുനീരിൽ കുതിർന്ന യാത്രാമൊഴി. ചീമേനി കനിയാന്തോൽ അരണവളപ്പിൽ രാധാകൃഷ്ണൻ - പുഷ്പ ദമ്പതികളുടെ മക്കളായ സുദേവും (11), ശ്രീദേവും (11) തിങ്കളാഴ്ച വൈകിട്ടാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നീലേശ്വരം കൊയാമ്പുറത്ത് വിഷ്ണുമൂർത്തി ക്ഷേത്രത്തിന് സമീപത്തെ അമ്മയുടെ സഹോദരി വയലിൽ കാർത്യായനിയുടെ വീട്ടിലേക്ക് സുദേവിന്റെയും ശ്രീദേവിന്റെയും ചേതനയറ്റ ശരീരങ്ങൾ എത്തിച്ചപ്പോൾ  കണ്ട് നിന്നവർക്കും തേങ്ങലടക്കാനായില്ല. അവസാനമായി ഒന്ന് കാണാൻ കൊയാമ്പുറത്തേക്ക് സമീപ പ്രദേശങ്ങളിൽ നിന്നു പോലും വാഹനങ്ങളിലും മറ്റുമായി നൂറുകണക്കിനാളുകൾ വീട്ടുമുറ്റത്തേക്കൊഴുകി.

ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ കുട്ടികൾ കൊയാമ്പുറം പരുത്തി കാവ് സ്കൂളിലാണ് പഠിച്ചത്.

തുടർന്ന് കുട്ടികൾ പഠിക്കുന്ന ചീമേനി ഗവ.ഹയർ സെക്കന്ററി സ്കൂൾ മുറ്റത്തും മൃതദേഹങ്ങൾ എത്തിച്ചപ്പോൾ സഹപാഠികളും അധ്യാപകരും വിതുമ്പി. കനിയണ്ടോൽ മാതൃശ്രീ ക്ലബിലും പൊതുദർശനത്തിന് എത്തിച്ചപ്പോൾ നൂറ് കണക്കിന് ജനങ്ങൾ തടിച്ചുകൂടി. ശേഷം മൃതദേഹങ്ങൾ കനിയതോലിലെ വീട്ടിലെത്തിച്ചു. പൊതു ശ്മശനത്തിൽ സംസ്കരിച്ചു.

ചീമേനി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ ഇരുവരെയും തിങ്കാളാഴ്ച വൈകീട്ട് മുതൽ കാണാതായിരുന്നു. തെരച്ചിൽ നടത്തുന്നതിനിടെയാണ് 6.10 മണിയോടുകൂടി സമീപത്തുള്ള പാണത്തൂർ സ്വദേശി ലക്ഷ്മണ ഭട്ട്, എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അഷ്റഫ് പിലാവളപ്പ് എന്നയാൾ നടത്തുന്ന ചെങ്കല്ലിന്റെ പണയിലെ വെള്ളം കെട്ടി നിൽക്കുന്ന കുഴിയിൽ വീണ് കിടക്കുന്നത് കണ്ടത്. ചീമേനി സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി.ശാന്ത, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാർ ഷംസു അരിഞ്ചിര, വി. ഗൗരി, കെ.പി.രവീന്ദ്രൻ, പി. ഭാർഗവി, ടി.പി.ലത, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ വി.വി. സുനിത, കൗൺസിലർമാരായ കെ.മോഹനൻ, റഫീഖ് കോട്ടപ്പുറം, ഇ.ഷജീർ, കെ.വി.ശശികുമാർ, പി.പി. ലത, വി.വി.ശ്രീജ, മുൻ കൗൺസിലർ എം.സത്യൻ, രാഷ്ട്രീയ നേതാക്കളായ എറുവാട്ട് മോഹനൻ, സുധാകരൻ ചെറുവത്തൂർ, എം. അസിനാർ, കെ രാഘവൻ, സി.വിദ്യാധരൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.

No comments