Breaking News

6G മൊബൈൽ കമ്മ്യൂണിക്കേഷണിൽ ഡോക്ടറേറ്റ് നേടി മലയോരത്തിന് അഭിമാനമായി പരപ്പ കാരാട്ട് സ്വദേശി ഡോ.അസ്കർ എം.കെ

പരപ്പ : ഇല്ലായ്മയിൽ നിന്ന് വളർന്നുവന്ന് ഇന്ന് ഡോക്ടറേറ്റ് നേടി മലയോരത്തിന് അഭിമാനമായിരിക്കുകയാണ് പരപ്പ കാരാട്ടത്തെ ഡോ.അസ്കർ എം.കെ . വാർത്ത വിനിമയ രംഗത്ത്  ന്യൂതനമായ 6-ജി മൊബൈൽ കമ്മ്യൂണിക്കേഷണിലാണ് ഛത്തീസ്ഗഡിലെ  ഐഐടി ഭിലായിൽ നിന്ന് ഡോക്ടറേറ്റ് നേടിയത്. 

ചെറുപ്പം മുതലേ പഠനത്തിൽ മികവ് പുലർത്തിയിരുന്ന അസ്കർ പരപ്പ ഗവൺമെന്റ് സ്കൂളിൽ നിന്നും പത്താം ക്ലാസ്സിൽ 9 എ പ്ലസും ഒരു എയും നേടിയിരുന്നു. ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ചായോത്ത് നിന്ന് പ്ലസ് ടുവിന് ഫുൾ എ പ്ലസ് നേടി. കണ്ണൂർ ഗവ. എൻജിനീയർ കോളേജിൽ നിന്ന് ബിടെക് പൂർത്താക്കിയ അസ്കർ പൂന ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എംടെക് പൂർത്തിയാക്കി. എംടെക് പഠനത്തിനിടയിലാണ് റിസർച്ച്  ചെയ്യാനുള്ള ആഗ്രഹമുണ്ടായത്. ബിടെക് പഠനത്തിനിടയിൽ നടത്തിയ പ്രൊജക്ടിൽ കേരള  ഗവൺമെന്റിൽ നിന്നും ധനസഹായം ലഭിച്ചിരുന്നു.

തന്റെ പഠനത്തിനിടയിൽ ധാരാളം നേട്ടങ്ങൾ അസ്കർ കരസ്ഥമാക്കിയിട്ടുണ്ട്. 6G മൊബൈൽ കമ്മ്യൂണിക്കേഷനിൽ 6  അന്താരാഷ്ട്ര പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 3  ജേർണൽ പ്രബന്ധങ്ങളും ഉക്രൈൻ,അയർലൻഡ് രാജ്യങ്ങളിൽ 2 അന്താരാഷ്ട്ര കോൺഫറൻസ് പ്രബന്ധങ്ങളും ഒരു ബുക്ക് ചാപ്റ്ററും അവതരിപ്പിച്ചു.

ഡൽഹിയിൽ നടന്ന ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ പ്രഭാഷണത്തിന് ക്ഷണിതാവായി. ഹിമാചൽ പ്രദേശിലെ  ഐഐടി മണ്ടിയുടെ മികച്ച പോസ്റ്റർ പ്രസന്റേഷനുള്ള അവാർഡും നേടി. കൃത്രിമ ഉപഗ്രഹങ്ങൾക്കിടയിൽ ലേസർ ഉപയോഗിച്ചു കൊണ്ടുള്ള വാർത്താവിനിമയം എന്ന വിഷയത്തിൽ യൂണിവേഴ്സിറ്റി ഓഫ് ദുബായിൽ  അടുത്തമാസം  പോസ്റ്റ്‌ ഡോക്ടറൽ റിസർച്ച്  ചെയ്യാനിരിക്കുകയാണ് ഡോ.അസ്കർ.

പരപ്പ കാരാട്ടത്തെ സുബൈദ മുഹമ്മദലി ദമ്പതികളുടെ മകനാണ് ഡോ.അസ്‌കർ.

 സഹോദരങ്ങൾ: തഫ്സീറ , തൻസീറ , അൻവർ

No comments