വീണ്ടും റെയില്‍പാളത്തില്‍ കല്ല്, സംഭവം തൃക്കരിപ്പൂര്‍ ഒളവറയില്‍
തൃക്കരിപ്പൂർ: ട്രെയിനുകളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർത്തി വീണ്ടും റെയില്‍പാളത്തില്‍ കല്ല് കണ്ടെത്തി. വെള്ളിയാഴ്ച രാത്രി പതിനൊന്നുമണിയോടെ രാമവില്യം ഗേറ്റിനും ഒളവറ ഗേറ്റിനുമിടയിലെ പാളത്തില്‍ ആറോളം ഇടത്താണ് കരിങ്കല്‍ ചീളുകള്‍ നിരത്തിവച്ച നിലയില്‍ കണ്ടെത്തിയത്.
ട്രാക്ക് പരിശോധനയ്ക്കിടെ സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടർന്ന് റെയില്‍വേ ഗ്യാംഗ് മാൻമാർ റെയില്‍വേ സുരക്ഷാവിഭാഗത്തെ അറിയിക്കുകയായിരുന്നു.റെയില്‍വെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പിന്നില്‍ പ്രവർത്തിച്ചവരെയാരെയും കണ്ടെത്താനായില്ല. ചന്തേര പൊലീസും സ്ഥലത്തെത്തിയിരുന്നു.
ആവർത്തിക്കുന്ന കുറ്റകൃത്യം
കാസർകോട്,കണ്ണൂർ ജില്ലകളില്‍ പലതവണ റെയില്‍പാളത്തില്‍ കല്ല് കണ്ടെത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. രണ്ടുവർഷം മുമ്ബ് തൃക്കരിപ്പൂർ എളമ്ബച്ചിയില്‍ റെയില്‍പാളത്തിനു മുകളില്‍ കരിങ്കല്‍കഷണങ്ങള്‍ നിരത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു. അന്ന് കണ്ണൂരില്‍നിന്ന് എത്തിയ റെയില്‍വേ പൊലീസ് പ്രായപൂർത്തിയാകാത്ത ആറുപേരെ പിടികൂടി ചന്തേര പൊലീസിന് കൈമാറുകയായിരുന്നു. രക്ഷിതാക്കളെ വിളിച്ചുവരുത്തി സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയാണ് കുട്ടികളെ പൊലീസ് അന്ന് വിട്ടയച്ചത്.കാസർകോട് ജില്ലയുടെ വടക്കൻ ഭാഗങ്ങളില്‍ പാളത്തില്‍ കല്ല് വച്ച നിരവധി സംഭവങ്ങള്‍ നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭാഗ്യം കൊണ്ടുമാത്രമാണ് ഇത്തരം സംഭവങ്ങളില്‍ വൻദുരന്തം ഒഴിവായിട്ടുള്ളത്
No comments