Breaking News

ഭര്‍ത്താവിന്റെ അമ്മയെകൊലപ്പെടുത്തിയ കേസില്‍ പെര്‍ളടുക്കം ചേപ്പനടുക്കത്തെ അംബികയ്ക്ക് ജീവപര്യന്തം തടവ്; 10 ലക്ഷം പിഴയടക്കാനും കോടതി വിധി


കാസര്‍കോട്: ഭര്‍ത്താവിന്റെ അമ്മയെ കഴുത്തില്‍ കൈകൊണ്ടു ഞെരിച്ചും, തലയണ കൊണ്ട് മുഖം അമര്‍ത്തിയും, നൈലോണ്‍ കയര്‍ കഴുത്തിന് ചുറ്റിയും കൊലപ്പെടുത്തിയ കേസില്‍ മകന്റെ ഭാര്യയെ ജീവപര്യന്തം തടവിനും 10 ലക്ഷം പിഴയടക്കാനും ശിക്ഷിച്ചു. പെര്‍ളടുക്കം കൊളത്തൂര്‍ ചേപ്പനടുക്കത്തെ കമലാക്ഷന്റെ ഭാര്യ അംബികയെയാണ്(49 ) കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് & സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ.മനോജ് ശിക്ഷിച്ചത്. 2014 സെപ്റ്റംബര്‍ 16ന് രാത്രി വീടിന്റെ ചായ്പ്പില്‍ കിടന്നുറങ്ങുകയായിരുന്ന ഭര്‍തൃമാതാവ് അമ്മാളു അമ്മയെ അംബിക കൊലപ്പെടുത്തുകയും, കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി മൃതദേഹം വീടിന്റെ ചായ്പ്പില്‍ കെട്ടി തൂക്കുകയും ചെയ്തു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്, കേസില്‍ രണ്ടും മൂന്നും പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തു. അമ്മാളു അമ്മയുടെ പേരിലുള്ള സ്ഥലം വിറ്റ് പ്രതികളുടെ പേരില്‍ സ്ഥലം വാങ്ങിയത് ചോദിച്ചതിലുള്ള വിരോധത്താലും, ഭക്ഷണം കൊടുക്കാതെയും, ടി വി കാണാന്‍ അനുവദിക്കാത്തതും അയല്‍വാസികളോട് പറഞ്ഞതിലുള്ള വിരോധവുമാണ് കൊലപാതകത്തിന് കാരണം. പ്രതിഭാഗത്തിന് വേണ്ടി പ്രശസ്ത ഫോറന്‍സിക് സര്‍ജ്ജന്‍ ഡോ.ഷേര്‍ളി വാസുവിനെ വിസ്തരിക്കുകയും ചെയ്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തി ഇതൊരു കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത് പരിയാരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജ്ജനായിരുന്ന ഡോ: എസ് ഗോപാലകൃഷ്ണപിള്ളയാണ്. ബേഡകം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയത് ബേഡകം സബ്ബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ.ആനന്ദനും തുടര്‍ന്നുള്ള അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ആദൂര്‍ ഇന്‍സ്‌പെക്ടറായിരുന്ന എ.സതീഷ്‌കുമാറാണ്, പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ഇ ലോഹിതാക്ഷന്‍, അഡ്വ.ആതിര എന്നിവര്‍ ഹാജരായി.

No comments