ലോറി ഡ്രൈവറെ ക്യാബിനിൽ നിന്ന് വലിച്ചു താഴെയിട്ട് ആക്രമിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ നാലു പ്രതികളെ മേൽപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു
കാസർകോട്: അപകടത്തെ തുടർന്ന് ലോറി ഡ്രൈവറെ ക്യാബിനിൽ നിന്ന് വലിച്ചു താഴെയിട്ട് ആക്രമിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ നാലു പ്രതികളെ മേൽപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കണയന്നൂർ വെണ്ണല കുറ്റിക്കാട്ട് പറമ്പിൽ അബ്ദുൽ ഹമീദിന്റെ മകൻ കെ.എച്ച്.നിയാസിനെ (33) വധിക്കാൻ ശ്രമിച്ച സംഭവത്തിൽ മേൽപ്പറമ്പ് മരവയൽ സ്വദേശികളായ സുദർശൻ (22), എ. പി.അക്ഷയ് (22), കളനാട് സ്വദേശികളായ സുജിത്ത് ലാൽ (24), അർജുൻ (22) എന്നിവരെയാണ് മേൽപ്പറമ്പ് ഇൻസ്പെക്ടർ കെ. സന്തോഷ് കുമാർ, എ സ്.ഐ വേലായുധൻ എന്നിവ രുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
27 ന് രാത്രി 7.15 മണിക്ക് കളനാട് പെട്രോൾ ബങ്കിന് മുന്നിൽ വച്ച് കാസർകോട് ഭാഗത്തു നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് നിയാസ് ഓടിച്ചു വരികയായിരുന്ന ലോറിയിൽ മറ്റൊരു വാഹനത്തെ മറികടന്നു വന്ന പ്രതികൾ ഓടിച്ചിരുന്ന കാർ ഇടിച്ചിരുന്നു. ഇതിൽ പ്രകോപിതരായ സംഘം നിയാസിനെ വലിച്ചു താഴെയിടുകയും അടിവയറ്റിലും ദേഹത്താകെയും ചവിട്ടുകയും കുത്തുകയും സ്റ്റീൽ വള ഊരി മുഖത്ത് കുത്തുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവർ കാസർകോട് സ്വ കാര്യആശുപത്രിയിൽ ചികിത്സയിലാണ്. ഡ്രൈവറുടെ മൊഴിയെടുത്ത പോലീസ് ജാമ്യമില്ലാവകുപ്പ് ഉപയോഗിച്ച് കേസെടുക്കുകയും ഇന്നലെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
No comments