കെ.എം. മാണി കാരുണ്യ ഭവന പദ്ധതി : വെള്ളരിക്കുണ്ടിൽ നിർമ്മിച്ച് നൽകുന്ന വീടിൻ്റെ താക്കോൽ ദാനം നടത്തി ജോസ്.കെ മാണി എം.പി ഉദ്ഘാടനം ചെയ്തു
വെള്ളരിക്കുണ്ട്: കേരള കോൺഗ്രസ് (എം) കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, വെള്ളരിക്കുണ്ടിൽ നിർമ്മിച്ച കെ.എം. മാണി കാരുണ്യ ഭവനത്തിൻ്റെ താക്കോൽ ദാന ചടങ്ങ് പാർട്ടി ചെയർമാൻ ജോസ്.കെ മാണി എംപി, തോമസ് ഇരുപ്പക്കാട്ടിന് നൽകി ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 30 ന് കേരള കോൺഗ്രസ രൂപീകരണത്തിൻ്റെ 60 വർഷം പൂർത്തിയാകുന്നതിൻ്റെ ഭാഗമായാണ് കെ.എം മാണിയുടെ പേരിൽ സംസ്ഥാനത്ത് ഉടനീളം 60 വീട് വച്ച് നൽകുന്ന പദ്ധതിക്ക് രൂപം കൊടുത്തതെന്ന് ജോസ് കെ മാണി പറഞ്ഞു. ഓരോ ജില്ലയിലും നാലോളം വീടുകൾ വീതം പൂർത്തിയാക്കി കഴിഞ്ഞെന്നും ചുരുങ്ങിയ കാലയളവിൽ 60 വീടുകളും പൂർത്തിയാക്കി നൽകാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും എം.പി കൂട്ടിച്ചേർത്തു
മലയോര ജനതയുടെ ആവശ്യങ്ങളിൽ അവരോടൊപ്പം നിലയുറപ്പിച്ച ശക്തനും ധീരനുമായ നേതാവായിരുന്നു ശ്രീ കെ എം മാണി എന്നും, വെളിച്ച വിപ്ലവത്തിലൂടെ മലയോരങ്ങളിൽ പ്രകാശവും , സാമൂഹിക ജലസേചന പദ്ധതിയിലൂടെ ജല ലഭ്യതയും, കാരുണ്യ ചികിൽസാപദ്ധതിയിലൂടെ രോഗികൾക്ക് സാന്ത്വനവും, നൽകിയ മാണിസാർ കൈവച്ച മേഖലകളിലെല്ലാം വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ജനനായകനായിരുന്നു എന്നും ജോസ് കെ മാണി അനുസ്മരിച്ചു. ഈ ഭവന നിർമ്മാണപദ്ധതിക്ക് നേതൃത്വം നൽകിയ ജില്ലാ കമ്മിറ്റിയെയും, സാമ്പത്തികമായി സഹായിച്ചവരോടും പ്രത്യേകം നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.
തലശ്ശേരി അതിരൂപത വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ വീടിന്റെ വെഞ്ചരിപ്പ് കർമ്മം നിർവഹിച്ചു. വെള്ളരിക്കുണ്ട് ഫെറോന വികാരി ഡോ. ജോൺസൺ അന്ത്യകുളം, കേരള കോൺഗ്രസ് സംസ്ഥാന ഓഫീസ് ചാർ ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, ഉന്നതാധികാരി സമിതി അംഗം ജോയ്സ് പുത്തൻപുര, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കുര്യാക്കോസ് പ്ലാപ്പറമ്പിൽ സജി കുറ്റ്യാനിമറ്റം, ജില്ലാ പ്രസിഡണ്ട് സജി സെബാസ്റ്റ്യൻ, ജില്ലാ സെക്രട്ടറിമാരായ, ബിജു തൂളിശ്ശേരി, ജോസ് കാക്കക്കൂട്ടുങ്കൽ, ഷിനോജ് ചാക്കോ, ബാബു നെടിയകാല,ജോയ് മൈക്കിൾ,ബേബി ജോസഫ് പുതുമന, ടോമി മണിയൻ തോട്ടം, ജോസ് ചെന്നക്കാട്ട്കുന്നേൽ, തുടങ്ങിയവർ പ്രസംഗിച്ചു.
No comments