Breaking News

ഇ പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി


എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി . സിപിഐഎം സംസ്ഥാന സെക്രെട്ടറിയേറ്റിലാണ് തീരുമാനം. പകരം ടിപി രാമകൃഷ്ണൻ കൺവീനറാകും. കമ്മിറ്റിയിൽ പങ്കെടുക്കാതെ ഇപി ജയരാജന്‍ കണ്ണൂരിലെ വീട്ടിലേക്ക് പോയി. ഇ പി ബിജെപി ബന്ധം ഇന്ന് സിപിഐഎം സംസ്ഥാന സമിതി ചർച്ച ചെയ്യാനിരിക്കെയാണ് നീക്കം. സ്ഥാനമൊഴിയാൻ സന്നദ്ധനാണെന്ന് ഇപി പാര്‍ട്ടിയെ നേരത്തെ അറിയിച്ചിരുന്നു. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇ പി ജയരാജൻ ദല്ലാൾ നന്ദകുമാറിന്റെ സാന്നിധ്യത്തിൽ കൂടിക്കാഴ്ച നടത്തിയെന്ന വിവരം വൻ വിവാദമായിരുന്നു. ഇ പി കൂടിക്കാഴ്ച നടത്തിയെന്ന കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി നേതാക്കൾ പലരെയും കാണാറുണ്ട്. ഞാനും ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ഇതിൽ ഇ പിയുടെ മറുപടി. മുഖ്യമന്ത്രിയുൾപ്പടെ ഇക്കാര്യത്തിൽ ഇ പിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇന്നത്തെ സംസ്ഥാന സമിതി ചർച്ച ചെയ്യുകയും നടപടി ഉണ്ടാകുമെന്നും ഉറപ്പായതോടെയാണ് ഇ പി ജയരാജൻ രാജി സന്നദ്ധത അറിയിച്ചത്

അതേസമയം, നാളെ മുതൽ സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങൾക്കു തുടക്കമാകും. അതിനു മുൻപായി പാ‌ർട്ടിയിലെ അച്ചടക്ക നടപടികൾ പൂർത്തിയാക്കാനാണ് പാർട്ടിയുടെ തീരുമാനം.

No comments