മാലിന്യ മുക്ത നവ കേരളം സാധ്യമാക്കാന്‍ മനോഭാവം മാറണം; ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ
മാലിന്യ മുക്ത നവ കേരളം സാധ്യമാക്കുന്നതിന് പൊതുജനങ്ങളുടെ മനോഭാവ മാറ്റമാണ് ആവശ്യമെന്ന് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു. മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്‍ ജില്ലാ നിര്‍വഹണസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതു തലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങളില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെയും വ്യക്തി ശുചിത്വത്തിന്റെയും പരിസര ശുചിത്വത്തിന്റെയും വലിച്ചെറിയലിനെതിരെയും അടക്കം വിവരങ്ങള്‍ ഉള്‍പ്പെടുത്തണം. പുതിയ മനോഭാവത്തോടെ മാലിന്യ മുക്ത നവ കേരളം പദ്ധതിയുമായി മുന്നോട്ട് പോകണം. ജാതി മത രാഷ്ട്രീയത്തിന് അതീതമായി ക്യാമ്പയിനിനെ കാണുകയും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുകയും വേണം. ദീര്‍ഘകാല കാഴ്ചപ്പാടോടെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെ സമീപിക്കുകയും ഇടപെടുകയുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്‍ ഒക്ടോബര്‍ രണ്ടിന് ആരംഭിക്കും
മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്‍ ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച് 2025 മാര്‍ച്ച് 30ന് ലോക സീറോവേസ്റ്റ് ദിനത്തില്‍ അവസാനിക്കും. ജില്ലാതലത്തിലും ആറ് ബ്ലോക്ക് പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും 38 ഗ്രാമപഞ്ചായത്ത് കളിലുമായി മുഴുവന്‍ വാര്‍ഡുകളിലും നിലവില്‍ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ തയ്യാറാക്കിയ മാതൃകകളുടെ ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് നടക്കും.
ഖരമാലിന്യ പരിപാലന ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ വികേന്ദ്രീകൃതവും ഏകോപിതവുമായ മാലിന്യ സംസ്‌കരണ രീതികളാണ് നിലവില്‍ സംഘടിപ്പിക്കുന്നത്. മാലിന്യസംസ്‌കരണ സംവിധാനങ്ങളുടെ പ്രവര്‍ത്തനവും ഉപയോഗക്ഷമതയും ഉറപ്പാക്കി സുസ്ഥിരമായും സമ്പൂര്‍ണ്ണമായും നടപ്പാക്കുകയെന്നതാണ് ജനകീയ കാമ്പയിന്‍ ഉദ്ദേശിക്കുന്നത്. 2025 മാര്‍ച്ച് 30 ഓടുകൂടി കേരളം സമ്പൂര്‍ണ്ണ ശുചിത്വ സംസ്ഥാനമാക്കുന്നതോടൊപ്പം സമ്പൂര്‍ണ മാലിന്യമുക്ത ജില്ലയെന്നതാണ് ജനകീയ ക്യാമ്പയിന്‍ ലക്ഷ്യമാക്കുന്നത്. ഉറവിടത്തില്‍ തന്നെ മാലിന്യം തരം തിരിവ് ഉറപ്പാക്കുകയും വലിച്ചെറിയല്‍ മുക്ത ജില്ലയായി മാറണം. അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുകയെന്നതും കാമ്പയിനിന്റെ ലക്ഷ്യമാണ്.
ജില്ലാ നിര്‍വഹണസമിതി രൂപീകരിച്ചു
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയും ജില്ലാ കളക്ടര്‍ കണ്‍വീനറും ജില്ലാതല ഉദ്യോഗസ്ഥന്മാര്‍ ജോയിൻ്റ് കണ്‍വീനര്‍മാരുമായുമാണ് ജില്ലാ നിര്‍വഹണസമിതി രൂപീകരിച്ചിട്ടുള്ളത്. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷന്മാരായി ബ്ലോക്ക് തലത്തിലും നഗരസഭ ചെയര്‍പേഴ്‌സണ്‍ അധ്യക്ഷന്മാരായി മുനിസിപ്പാലിറ്റിയിലും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായി പഞ്ചായത്തു തലത്തിലും സെപ്റ്റംബര്‍ 10 നകം പഞ്ചായത്ത് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡ് തലത്തിലും നിര്‍വഹണസമിതികള്‍സെപ്റ്റംബര്‍ 20 ന് മുന്‍പും സെപ്റ്റംബറില്‍ ചേരും.
ജനകീയ കാമ്പയിന്റെ ഭാഗമായി നിലവിലുള്ള എല്ലാ അയല്‍ക്കൂട്ടങ്ങളെയും ഹരിത അയല്‍ക്കൂട്ടങ്ങളാക്കാനുള്ള കര്‍മ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ഓഫീസുകളെയും 2025 ജനുവരി 26നകം ഹരിത ഓഫീസുകള്‍ ആക്കി മാറ്റുന്നതിന് നടപടികള്‍ സ്വീകരിക്കും. ഹരിത വിദ്യാലയങ്ങള്‍, ഹരിത കലാലയങ്ങള്‍ എന്നിവ ഉറപ്പാക്കും. ഈ വർഷം ഡിസംബറിൽ 'ഇനി ഞാന്‍ ഒഴുകട്ടെ' നീര്‍ച്ചാല്‍ പുനരുജ്ജീവന കാമ്പയിന്‍ ആരംഭിച്ച് ജലാശയങ്ങള്‍ ശുചീകരിക്കും. ജനകീയമായി പൊതു ഇടങ്ങളും, പാതയോരങ്ങളും, കടലോരങ്ങളും, മാര്‍ക്കറ്റുകളും ശുചീകരിക്കാനും സുസ്ഥിരമായി നിലനിര്‍ത്താനും ലക്ഷ്യമിടുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാലയങ്ങള്‍, കോളേജുകള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, മാര്‍ക്കറ്റുകള്‍, ആരാധനാലയങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവ ഹരിതസ്ഥാപനങ്ങളാക്കി മാറ്റും. എല്ലാ ടൗണുകളെയും വലിച്ചെറിയല്‍ മുക്ത ശുചിത്വ പ്രദേശങ്ങളായി മാറ്റിയെടുക്കും. എല്ലാ ചടങ്ങുകളും ആഘോഷങ്ങളും ഹരിതപെരുമാറ്റ ചട്ടം അനുസരിച്ച് മാത്രമേ നടപ്പാക്കുകയുള്ളൂ.
കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ മുഖ്യ പ്രഭാഷണം നടത്തി. നവകേരള മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍, ശുചിത്വമിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ പി. ജയന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത, എ.ഡി.എം
പി. അഖില്‍ എന്നിവര്‍ സംസാരിച്ചു.
No comments