തിരിച്ചറിയാത്ത മുഴുവൻ മൃതദേഹങ്ങളും ഇന്ന് സംസ്കരിക്കും, മരണസംഖ്യ 402 ആയി; ഇന്ന് 2 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു
കൽപ്പറ്റ :മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 402 ആയി. മണ്ണിനടിയിൽ നിന്നും ചാലിയാറിൽ നിന്നുമടക്കം കണ്ടെടുത്തവയിൽ 180 എണ്ണം ശരീരഭാഗങ്ങളാണ്. അതേ സമയം ഔദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 222 ആണ്. 180 പേരെ ഇനിയും കണ്ടെത്താനുണ്ട്. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളിൽ 8 എണ്ണം ഇന്നലെ സംസ്കരിച്ചു. ശേഷിച്ച മൃതദേഹങ്ങളുടെ സംസ്കാരം ഇന്ന് നടക്കും.
ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തെരച്ചില്‍ തുടരുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി തെരച്ചില്‍ പ്രവര്‍ത്തനവും സംസ്ഥാന ഭരണകൂടത്തിന് കൈമാറാനാണ് സൈന്യത്തിന്‍റെ തീരുമാനം. ചാലിയാര്‍ പുഴയോട് ചേര്‍ന്ന് 9 വാര്‍ഡുകളിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലാണ് ഇന്നത്തെ തെരച്ചിൽ. ഉരുള്‍ പൊട്ടലിൽ പരിക്കേറ്റ 91 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വീട് നഷ്ടപ്പെട്ട 2514 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ കേന്ദ്രസർക്കാർ എൽ3 പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അന്താരാഷ്ട്ര കാഴ്ചപ്പാട് അനുസരിച്ച് ഈ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതാണ്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിച്ചില്ലെങ്കിലും ആ നിലയിലുള്ള സഹായം കേരളത്തിന് ലഭ്യമാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. വയനാട്ടിലേത് സാധാരണ പുനരധിവാസം പോലെ ആകരുത്. ഓരോ കുടുംബങ്ങളെയും പ്രത്യേകമായി പരിഗണിച്ചുള്ള പുനരധിവാസം നടപ്പാക്കണം. കുടുംബങ്ങൾക്ക് വാടക വീടുകൾ ഒരുക്കണം. പുതിയ വീടുകളിലേക്ക് മാറാനുള്ള സൗകര്യങ്ങൾ ചെയ്ത് കൊടുക്കണം. ദുരന്തത്തിൽ പെട്ടവർക്ക് തൊഴിൽ ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണം. സ്വയം തൊഴിലുകൾ കണ്ടെത്താൻ സൗകര്യം ഒരുക്കണം. സമഗ്രമായ ഒരു ഫാമിലി പാക്കേജ് ആയി പുനരധിവാസം ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
No comments