കാസർഗോഡ് സിഎ മുഹമ്മദ് ഹാജി വധക്കേസ്; നാല് പ്രതികൾക്കും ജീവപര്യന്തം
കാസർകോട്: വർഗീയ സംഘർഷത്തിനിടെ 2008 ൽ അടുക്കത്ത് ബയല്‍ ബിലാല്‍ മസ്ജിദിന്
സമീപത്തെ സിഎ മുഹമ്മദ് ഹാജിയെ (56) കുത്തികൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ പ്രതികളായ സന്തോഷ് നായിക് എന്ന ബജെ സന്തോഷ് (36), കെ ശിവപ്രസാദ് എന്ന ശിവൻ (40), കെ അജിത് കുമാർ എന്ന അജ്ജു (35), കെ ജി കിഷോർ കുമാർ എന്ന കിഷോർ (39) എന്നിവർക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും അടക്കാൻ കോടതി ഉത്തരവിട്ടു.
അന്നത്തെ വെള്ളരിക്കുണ്ട് പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന ഇപ്പോഴത്തെ കാസര്‍കോട് അഡീഷനല്‍ എസ്പി പി ബാലകൃഷ്ണന്‍ നായരായിരുന്നു കേസ് അന്വേഷിച്ചത്. പ്രതികളെ രണ്ടാഴ്ചയ്ക്കുള്ളില്‍ കർണാടകയിലെ കങ്കനാടിയിൽ നിന്ന് അറസ്റ്റ് ചെയ്തു. 2018ൽ കേസിന്‍റെ വിചാരണ കഴിഞ്ഞിരുന്നു. 2008 മുതലാണ് കാസർകോട്ട് തുടർച്ചയായ കൊലപാതകങ്ങൾ നടന്നത്. നാലു ദിവസത്തിനിടെ നാല് കൊലപാതകങ്ങളാണ് ഉണ്ടായത്. ഈ കൊലപാതകങ്ങളിൽ പ്രതികൾ ആദ്യമായി ശിക്ഷിക്കപ്പെടുന്നത് സി എ മുഹമ്മദ് ഹാജി വധക്കേസിലാണ്.
No comments