ബിഹാറില്‍ ജിവിത്പുത്രിക ആഘോഷത്തില്‍ 43 മരണം; മരിച്ചവരില്‍ 37 കുട്ടികള്‍
പാട്‌ന: ബിഹാറില്‍ ജിവിത്പുത്രിക ആഘോഷത്തിനിടെ 43 മരണം. 15 ജില്ലകളിലായി ആഘോഷത്തിന്റെ ഭാഗമായി പുഴയിലും തോടുകളിലും മുങ്ങിയ 43 പേരാണ് മരിച്ചത്. മരിച്ചവരില്‍ 37 കുട്ടികള്‍. മൂന്ന് പേരെ കാണാതായി. ഈസ്റ്റ് ചമ്പാരന്‍, വെസ്റ്റ് ചമ്പാരന്‍, നളന്ദ, ഔറംഗാബാദ്, കൈമുര്‍, ബുക്‌സര്‍, സിവന്‍, റോഹ്താസ്, സരണ്‍, പാട്‌ന, വൈശാലി, മുസ്സാഫര്‍പുര്‍, സമസ്തിപുര്‍, ഗോപാല്‍ഗഞ്ച്, അര്‍വല്‍ എന്നീ ജില്ലകളിലുള്ളവരാണ് മരിച്ചത്. ഔറംഗാബാദിലും പാട്‌നയിലും മാത്രം 9 വീതം കുട്ടികള്‍ മരിച്ചു.
കഴിഞ്ഞ വര്‍ഷം ഇതേ ആഘോഷത്തിനിടയില്‍ 15 കുട്ടികളടക്കം 22 പേര്‍ മരിച്ചിരുന്നു. മരിച്ചവരുടെ കുടുംബത്തിന് ബിഹാര്‍ സര്‍ക്കാര്‍ നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ച എട്ട് പേരുടെ കുടുംബത്തിന് ഇതിനകം നഷ്ടപരിഹാരം നല്‍കിയെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഇന്നലെയായിരുന്നു ജീവിത്പുത്രിക ആഘോഷം നടന്നത്. മക്കളുടെ നന്മയ്ക്ക് വേണ്ടി മാതാപിതാക്കള്‍ ഉപവാസമിരിക്കുന്ന ചടങ്ങാണിത്. ഇതിന് മുന്നോടിയായി മക്കളെ കുളിപ്പിച്ച് ശുദ്ധിവരുത്തുന്ന ചടങ്ങുണ്ട്. ഇതിന് വേണ്ടി കുളങ്ങളിലും നദികളിലും കുട്ടികളെ കുളിപ്പിക്കാന്‍ കൊണ്ടുപോയതിന് പിന്നാലെയാണ് അപകടമുണ്ടായത്.
No comments