ഗുരുതര രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന മൈലാട്ടിയിലെ ശിവാനി മോൾക്ക് മൂകാംബിക ബസ് കാരുണ്യ യാത്രയിലൂടെ സമാഹരിച്ച തുക ബന്ധുക്കൾക്ക് കൈമാറി
രാജപുരം : കുട്ടികളിൽ ഉണ്ടാകുന്ന അർബുദമായ ന്യൂറോ ബ്ലാസ്റ്റോമ ബാധിച്ച് കോഴിക്കോട് മെഡിക്കൽകോളേജിൽ ചികിത്സയിൽ കഴിയുന്ന പനത്തടി പഞ്ചായത്തിലെ പാണത്തൂർ മൈലാട്ടിയിലെ ഗൗതം വർമ്മയുടെ മകൾ ശിവാനിക്ക് മൂകാംബിക കാരുണ്യ യാത്ര വഴി സമാഹരിച്ച തുക കുടുംബത്തിന് കൈമാറി. മൂകാംബിക ട്രാവർസ് കാരുണ്യ യാത്ര നടത്തി ലഭിച്ച തുകയും, പാണത്തൂർ ശ്രീ രാജരാജേശ്വരി ബാലഗോകുലം പ്രവർത്തകർ ചേർന്ന് സമാഹരിച്ച് മൂകാംബിക കാരുണ്യ നിധിയിലേക്ക് നൽകിയ തുകയും ഉൾപ്പെടെ 24285 രൂപയാണ് ബസ് ഉടമ കാട്ടൂർ വിദ്യാധരൻ നായർ ഇന്ന് ശിവാനിമോളുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ഏൽപ്പിച്ചത്. മൂകാംബിക ട്രാവൽസിന്റെ നാലു ബസ്സുകളിൽ മൂന്നെണ്ണമാണ് ഈ മാസം 1-ാം തീയതി രോഗബാധിതരായ മൂന്ന് കുട്ടികളുടെ ചികിൽസാ സഹായ ഫണ്ടിനായി കാരുണ്യയാത്ര നടത്തിയത്. ബസ്സിൻ്റെ 88-ാം കാരുണ്യ യാത്രയാണ് ജില്ലയിലെ 3 വിദ്യാർത്ഥികളുടെ ചികിത്സ ഫണ്ട് സമാഹരണത്തിനായി സർവീസ് നടത്തിയത്.ഒരു ബസ്സ് അറ്റകുറ്റ പണികൾക്കായിസർവീസ് നടത്തിയിരുന്നില്ല.ഓരോ മാസവും ഒന്നാം തീയതിയാണ് മൂകാംബിക ബസ്സിന്റെ കാരുണ്യ യാത്ര. വരുമാനം തീരെ കുറവായ കോവിഡ് കാലത്തും ലോക്ക് ഡൗൺ സമയം ഒഴികെ മറ്റെല്ലാ മാസങ്ങളിലും ബസ് കാരുണ്യയാത്ര നടത്തിയിരുന്നു.കാരുണ്യ യാത്രയിൽ സർവീസ് നടത്തി കിട്ടുന്ന തുകക്ക് പുറമേ മൂകാംബിക വാട്സ്ആപ്പ് കൂട്ടായ്മയിലെ അംഗങ്ങളുടെ സഹായം കൂടി കാരുണ്യ നിധിക്ക് ഉണ്ടാകാറുണ്ട്. ഇരിയ സ്വദേശിയായ ബാലഗോപാലൻ ആണ് മൂകാംബിക കാരുണ്യ യാത്രയുടെ കോഡിനേറ്റർ. മൂകാംബിക ബസ് ഉടമ വിദ്യാധരൻ നായർക്ക് പരിപൂർണ്ണ പിന്തുണയുമായി ഭാര്യ ശുഭയും, മക്കളായ വൈഷ്ണവും, വിനായകും കൂടെയുണ്ട്. കാട്ടൂർ മധുസൂദനൻ നായർ, ശശികുമാർ വി.കെ, ജി രാമചന്ദ്രൻ, എം.കെ സുരേഷ്, ധനൂപ് ദാമോധരൻ, ബിനു കേളപ്പൻകയ എന്നിവർ സംബന്ധിച്ചു.
No comments