തീരത്തോട് ചേർന്ന് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് പിടികൂടി ഫിഷറീസ് വകുപ്പ് 2.5 ലക്ഷം രൂപ പിഴ ഈടാക്കി
നീലേശ്വരം: തീരത്തോടു ചേർന്ന് ട്രോളിങ് നടത്തിയ ബോട്ട് പിടികൂടി ഫിഷറീസ് വകുപ്പ് 2.5 ലക്ഷം രൂപ പിഴ ഈടാക്കി. തൃക്കരിപ്പൂർ-കുമ്പള-ബേക്കൽ കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, ഫിഷറീസ് വകുപ്പ് എന്നിവർ സംയുക്തമായി നടത്തിയ രാത്രികാല പട്രോളിങ്ങിലാണ് ബോട്ട് പിടികൂടിയത്. നിയമാനുസൃത രേഖകളില്ലാതെയും തീരത്തോടു ചേർന്ന് രാത്രികാല ട്രോളിങ് നടത്തുകയും ചെയ്തതിന് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് നടപടി. കർണാടക ബോട്ടായ ഇശലാണ് മഞ്ചേശ്വരം കടപ്പുറത്തുനിന്ന് 10 നോട്ടിക്കൽ മൈലിനുള്ളിൽ കഴിഞ്ഞദിവസം രാത്രി 11ന് പിടികൂടിയത്.വരുംദിവസങ്ങളിലും രാത്രികാല കടൽ പട്രോളിങ് കർശനമാക്കുമെന്ന് കാസർകോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ലബീബ് അറിയിച്ചു. ഫിഷറീസ് അസി. ഡയറക്ടർ പി.വി. പ്രീതയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ട് പിടികൂടിയത്.
മറൈൻ എൻഫോഴ്സ്മെന്റ് എസ്.സി.പി.ഒ വിനോദ്കുമാർ, കോസ്റ്റൽ പൊലീസ് എ.എസ്.ഐ പ്രകാശൻ, സി.പി.ഒമാരായ സുശേഷ്, ജോൺസൻ, ഹാർബർ ഗാർഡുമാരായ സമീർ, അന്തൂഞ്ഞി, റെസ്ക്യൂ ഗാർഡുമാരായ സേതുമാധവൻ, ശിവകുമാർ, സ്രാങ്ക് ഷൈജു, ഡ്രൈവർ ബാദുഷ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
No comments