Breaking News

സൈക്ലിംഗ് രംഗത്ത് നേട്ടം കൈവരിച്ചവരെ ആദരിച്ചു


കാസര്‍ഗോഡ് പെഡലേഴ്‌സിന്റെ നേതൃത്വത്തില്‍ സൈക്ലിംഗ് രംഗത്ത് സ്തുത്യര്‍ഹമായ നേട്ടം കൈവരിച്ച ഫായിസ് അഷറഫലി, ഇരിട്ടി സ്വദേശി ഉണ്ണികൃഷ്ണന്‍ ഏച്ചില്ലം എന്നിവരെ ആദരിച്ചു. കാഞ്ഞങ്ങാട് ജെസിഐ ഹാളില്‍ വെച്ച് നടന്ന പരിപാടി കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സൈക്ലിസ്റ്റ് ഇംത്യാസ് അഹമ്മദ് മുഖ്യാതിഥിയായി. രതീഷ് അമ്പലത്തറ, കാസര്‍കോട് പെഡല്ലേഴ്‌സ് പ്രസിഡണ്ട് പി.വി സുജേഷ്, സെക്രട്ടറി ബാബു മയൂരി, ഇബ്രാഹിം ടിഎംസി, സാറാസ് സൈക്കിള്‍ കമ്പനി ഉടമ യൂസഫ് ഹാജി, ഫൈസല്‍ സൂപ്പര്‍, അസര്‍ കളനാട്, അയണ്‍മാന്‍ ഷാഫി തയ്യില്‍ എന്നിവര്‍ സംസാരിച്ചു. 2022 ആഗസ്ത് 15 ന് തിരുവനന്തപുരത്ത് നിന്നും വിദ്യാഭ്യാസ മന്ത്രി ഫ്‌ളാഗ് ഓഫ് നടത്തി മുപ്പത് രാജ്യങ്ങളിലൂടെ സഞ്ചരിച്ച്, ഇന്ത്യ, ഒമാന്‍, യു എ. ഇ, സൗദി, ഖത്തര്‍, ബഹറിന്‍, കുവൈത്ത്, ഇറാക്ക്, ഇറാന്‍, അര്‍മേനിയ, ജോര്‍ജിയ, ടര്‍ക്കി, ഗ്രീസ്സ്, നോര്‍ത്ത് മാസ്സിഡോണിയ, സെര്‍ബിയ,ക്രൊയേഷ്യ, സ്ലൊവേനിയ, ഹംഗറി, സ്ലെവേക്കിയ, ഓസ്ട്രിയ, ചെക്ക് റിപ്പബ്‌ളിക്ക്, പോളണ്ട്, ജര്‍മനി, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, നോര്‍വെ, നെതര്‍ലാന്‍ഡ്, ബെല്‍ജിയം, യു കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലൂടെ ആകെ 23000 കിലോമീറ്റര്‍ യാത്ര ചെയ്താണ് 2024 ആഗസ്ത് 15 ന് ഫായിസ് കേരളത്തില്‍ തിരിച്ചെത്തിയത്.ലോക സമാധാനം, ആരോഗ്യ സംരക്ഷണം, ഡ്രഗ്ഗ് ഫ്രീ, സീറോ കാര്‍ബണ്‍ എമിഷന്‍. മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് യാത്ര ചെയ്ത ഫായിസ് അഷറഫ് അലി, കോഴിക്കോട് തലക്കളത്തൂര്‍ സ്വദേശിയാണ്. കണ്ണൂര്‍ ഇരിട്ടിയില്‍ നിന്നും കാശ്മീര്‍ വരെ സാധാരണ സൈക്കിളില്‍ യാത്ര ചെയ്തു തിരിച്ചെത്തിയ ഉണ്ണികൃഷ്ണന്‍ ആയിരുന്നു മറ്റൊരു അതിഥി. ചടങ്ങില്‍ രണ്ടു പേരും യാത്രക്കിടയിലുള്ള വ്യത്യസ്തമായ യാത്രാനുഭവങ്ങള്‍ പങ്കുവെച്ചത് നവ്യാനുഭവമായിരുന്നു. താജു കല്ലായി, ശ്രീകാന്ത്, അഡ്വക്കറ്റ് എന്‍ കെ മനോജ്, ഹാരിസ് , റിജു, അബ്ദുള്‍ നാസര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

No comments