ഗുണദോഷിച്ചത് ഇഷ്ടമായില്ല, അയൽവാസിയെയും ബന്ധുവിനെയും കുത്തിപ്പരിക്കേൽപ്പിച്ച് 23കാരൻ
ഹരിപ്പാട്: രണ്ടുപേരെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. തൃക്കുന്നപ്പുഴ വലിയപറമ്പ് ജ്യോതി നിവാസിൽ ജ്യോതിഷിനെയാണ് (23) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി 9:30 യോടെ ആയിരുന്നു സംഭവം. ജ്യോതിഷിന്റെ അയൽവാസിയായ ഷാജിമോൻ (49), ബന്ധുവായ ഉണ്ണി എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. വെട്ടുകത്തിയും പിച്ചാത്തിയും കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റ ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിരമായി മദ്യപിച്ച് വീട്ടിൽ കലഹമുണ്ടാക്കാറുള്ള ജ്യോതിഷിനെ ഷാജിമോൻ ഗുണദോഷിക്കുമായിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൃക്കുന്നപ്പുഴ എസ് ഐ അജിത്, സിപിഒമാരായ പ്രദീപ്, പ്രജു, വൈശാഖ്, കൊച്ചുമോൻ എന്നിവരടങ്ങിയ സംഘമാണ് ആക്രമണത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ പിടികൂടിയത്.
No comments