Breaking News

അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസ്, മെഡിക്കൽ റിപ്പോ‍ർട്ട് പുറത്ത്; ഡോ. ശ്രീക്കുട്ടിയും പ്രതിയാകും




കൊല്ലം : മൈനാഗപ്പള്ളി ആനൂർകാവിലെ വാഹനാപകടത്തിൽ പ്രതി അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്തു. അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ.ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം പൊലീസിന് ലഭിച്ചു. കാ‍ര്‍ മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടത് അജ്മലിനൊപ്പം കാറിലുണ്ടായിരുന്നു ഡോ. ശ്രീക്കുട്ടിയാണ്. ശ്രീക്കുട്ടിയെയും കേസിൽ പ്രതി ചേർക്കും. സംഭവത്തിന് ശേഷം ഒളിവിൽ പോയ അജ്മലിനെ കൊല്ലം പതാരത്ത് നിന്നാണ് പിടികൂടിയത്.

ഇന്നലെ വൈകിട്ടാണ് സ്കൂട്ടറിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളും ബന്ധു ഫൗസിയയും
അപകടത്തിൽപ്പെട്ടത്. വളവുതിരിഞ്ഞു വന്ന കാർ ഇരുവരെയും ഇടിച്ചു തെറിപ്പിച്ചു. നാട്ടുകാർ ഓടിക്കൂടുന്നത് കണ്ട് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ശ്രീക്കുട്ടിയും രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഫൗസിയ ചികിത്സയിലാണ്. നാട്ടുകാർ പിന്തുടർന്നതോടെ കാർ നിർത്തി അജ്മൽ ഓടിരക്ഷപ്പെട്ടു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ഡോക്ടറെ പൊലീസ് എത്തി കസ്റ്റഡിയിൽ എടുത്തു. അജ്മൽ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് നിഗമനം. ഇയാൾ ലഹരിമരുന്ന് കേസിൽ അടക്കം ഉൾപ്പെട്ടയാളാണെന്നും പൊലീസ് അറിയിച്ചു.

വാഹനമിടിച്ച് വീണ സ്ത്രീ വണ്ടിക്ക് അടിയിൽ കിടക്കുന്നുണ്ടെന്ന് വിളിച്ച് പറഞ്ഞിട്ടും ഓടിക്കൂടിയ നാട്ടുകാര്‍ക്ക് ഇടയിലൂടെ അജ്മൽ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നു. കുതിച്ച് പാഞ്ഞ വാഹനം 300 മീറ്റ‍ര്‍ അകലെ വെച്ച് മറ്റൊരു വാഹനത്തെ ഇടിക്കാൻ ശ്രമിച്ചു. വെട്ടിച്ച് മാറ്റിയപ്പോൾ മതിലിടിച്ച് തകര്‍ത്തു. മുന്നോട്ട് മറ്റ് രണ്ട് വാഹനങ്ങളെയും ഇടിച്ചു. കരുനാഗപ്പളളിയിൽ വെച്ച് പോസ്റ്റിൽ ഇടിച്ച് വാഹനം നിന്നതോടെ യുവാവും യുവതിയും പുറത്തേക്കിറങ്ങിയോടി. യുവാവ് മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു. യുവതി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ഇവിടെവെച്ചാണ് നാട്ടുകാർ യുവതിയെ പിടികൂടിയത്.

No comments