ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മരണസംഖ്യ നാലായി, പരിക്കേറ്റ യുവാവും മരിച്ചു
തിരുവനന്തപുരം: വർക്കലയിൽ തിരുവോണ ദിവസം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ജനാർദ്ദനപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്. അപകടത്തിൽ മൂന്ന് കൗമാരപ്രായക്കാർ തൽക്ഷണം മരിച്ചിരുന്നു. വർക്കല കുരയ്ക്കണ്ണി ജങ്ഷനിൽ വച്ച് ഞായറാഴ്ച രാത്രിയായിരുന്നു അപകടം.
വർക്കല കുരയ്ക്കണ്ണി ജംഗ്ഷനിൽ രാത്രി 11.15 നായിരുന്നു അപകടം നടന്നത്. വർക്കല ഇടവ തോട്ടുമുഖം സ്വദേശികളായ അച്ചു എന്ന് വിളിക്കുന്ന ആനന്ദഭാസ്, ആദിത്യൻ, വർക്കല പുന്നമൂട് സ്വദേശി ജിഷ്ണു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരിൽ ഒരാളാണ് ഇന്ന് മരിച്ച വിഷ്ണു. വിഷ്ണുവും പരിക്കേറ്റ രണ്ടാമനും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
സംഭവത്തിൽ ഗുരുതര നിയമ ലംഘനങ്ങൾ നടന്നെന്നാണ് പൊലീസ് പറഞ്ഞത്. കൂട്ടിയിടിച്ച ഒരു ബൈക്കിൽ മൂന്ന് പേരായിരുന്നു യാത്രക്കാർ. രണ്ട് പേർ സഞ്ചരിച്ച രണ്ടാമത്തെ ബൈക്കിന് ഹെഡ്‌ലൈറ്റും ഉണ്ടായിരുന്നില്ല. ഇരു ബൈക്കുകളും അമിത വേഗതയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
No comments