Breaking News

എണ്ണപ്പാറ ആശുപത്രിയിൽ പത്ത് മാസമായിസായാഹ്ന ഒ.പി ഇല്ല : നാട്ടുകാർ പ്രതിഷേധ സമരം നടത്തി നവംബർ 1 മുതൽ വൈകുന്നേരം വരെ ഒ പി തുടരാൻ ചർച്ചയിൽ തീരുമാനം


തായന്നൂർ:  എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉച്ച കഴിഞ്ഞുള്ള നിർത്തി വച്ച ചികിത്സ തുടരാനാവാത്തതിനെ തുടർന്ന് നാട്ടുകാർ ആശുപത്രി വരാന്തയിൽ ഇരുന്ന് പ്രതിഷേധിച്ചു. രണ്ടു മണിക്കൂറുകളോളം നീണ്ട സമരം, അമ്പലത്തറ . സർക്കിൾ ഇൻസ്പെക്ടർ ദാമോദരന്റെ സാന്നിദ്ധ്യത്തിൽ മെഡിക്കൽ ഓഫീസർ , പഞ്ചായത്ത് പ്രസിഡണ്ട് എം. ശ്രീജ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.ജയശ്രീ എന്നിവർ സമരക്കാരുമായി നടത്തിയചർച്ചയെ തുടർന്ന് പിൻവലിച്ചു. നവംബർ 1 മുതൽ വൈകുന്നേരം വരെ ഒ.പി പ്രവർത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാർ സമരം അവസാനിപ്പിച്ചത്.   

        ഡോക്ടർമാരുടെ കുറവു മൂലം ഒൻപത് മാസം മുമ്പാണ് സായാഹ്ന ഒ.പി നിർത്തി വച്ചത്. ഉച്ചകഴിഞ്ഞുള്ള ചികിത്സ നിർത്തിയതോടെ കോടോം-ബേളൂർ, മടിക്കെെ, കിനാനൂർ - കരിന്തളം പഞ്ചായത്തിൽ നിന്നായി എത്തുന്ന രോഗികൾ കിലോമീറ്ററുകൾ യാത്ര ചെയ്ത് ജില്ലാ ആശുപത്രിയിലോ, പ്രൈവറ്റ് ആശുപത്രികളിലോ പോകേണ്ടി വരുന്നു.

      സർക്കാർ പി.എസ്.സി നിയമനത്തിലൂടെ 2 ഡോക്ടർമാരും, ഒരു എൻ.എച്ച്.എം ഡോക്ടറും പഞ്ചായത്ത് താത്ക്കാലികമായി നിയമിക്കേണ്ട ഒരാളുമടക്കം 4 ഡോക്ടർമാരുടെ സേവനമാണ് ഫാമിലി ഹെൽത്ത് സെന്റെറുകളിൽ വേണ്ടത്. മെഡിക്കൽ  ഓഫീസറുടെ ചുമതലയുണ്ടായിരുന്ന ഡോക്ടർ പ്രസവാവധിയിൽ പോയതോടെ എണ്ണപ്പാറയിൽ സായാഹ്ന ഒ.പി നിർത്തിയത്. രണ്ടു ഡോക്ടർമാർ രാവിലെ 9. മണിക്ക് ശേഷം എത്തി ഉച്ചയ്ക്ക് മടങ്ങും. നിത്യേന ഇരുന്നുറോളം രോഗികൾ ആശ്രയിക്കുന്ന ആതുരാലയമാണിത്.

   ഡോക്ടർമാരുടെ കുറവിനെ തുടർന്ന് സായാഹ്ന ഒ.പി നിർത്തിവച്ചതോടെ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി തീരുമാനപ്രകാരം നിർത്തിയ താൽക്കാലിക ലാബ് ടെക്നീഷ്യനെ പിരിച്ചു വിട്ടിരുന്നു. അതോടെ രാവിലെ ഭക്ഷണം കഴിക്കാതെ പരിശോധനക്കെത്തുന്ന രോഗികൾ 6 മണി മുതൽ 9 മണി വരെ കാത്തിരിക്കേണ്ടി വരുന്നതായും നാട്ടുകാർ ആരോപിക്കുന്നു. അതിനിടെ ഞായർ ഒ.പിയും നിർത്തി വച്ചിരുനെങ്കിലും പ്രതിഷേധത്തെ തുടർന്ന് വീണ്ടും തുടങ്ങുകയായിരുന്നു.  

   കഴിഞ്ഞ വർഷങ്ങളിൽ കൂടുതൽ ഡെങ്കി കേമ്പുകൾ റിപ്പോർട്ട് ചെയ്തിരുന്ന ഈ ആശുപത്രി പരിധിയിൽ മെയ്, ജൂൺ മാസങ്ങളിലായ 3 ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

   ആദിവാസികളും സാധാരണക്കാരുമടക്കമുളള നൂറുകണക്കിന് കുടുംബങ്ങൾ അശ്രയിക്കുന്ന ഈ ആശുപത്രിയിൽ രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെ ചികിത്സ വേണമെന്നും രാവിലെ 6 മണി മുതൽ ലാബ് പ്രവർത്തിക്കണമെന്നും ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് പല തവണ ബന്ധപ്പെട്ടിരുന്നുവെങ്കിലും 10 മാസമായിട്ടും യാതൊരു പ്രതികരണവുമില്ലാത്തതിനെ തുടർന്നാണ്പ്രതിഷേധ സമരത്തിന് ഇറങ്ങേണ്ടിവന്നതെന്ന് നാട്ടുകാർ പറഞ്ഞു.

     എം.ഡി രാജൻ, സി.എ കുഞ്ഞിക്കണ്ണൻ, ഗോപി വലിയ വീട്ടിൽ, രമേശൻ മലയാറ്റുകര, രാഘവൻ മണിയറ, എൻ. ബിന്ദു, കെ.സരോജിനി, ശിൽപ്പ സുരേഷ്,ലക്ഷ്മി, മനീഷ സതീശൻ ,കെ.രഘു എം.സി ഗീത, പി.രാധ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

No comments