Breaking News

സൗദി അറേബ്യയിൽ വൻ മയക്കുമരുന്ന് കടത്ത്; 6,45,000 ലഹരി ഗുളികകൾ പിടികൂടി, 10 പേർ അറസ്റ്റിൽ




റിയാദ്: സൗദിയിൽ വിവിധ വകുപ്പുകൾ നടത്തിയ റെയ്‌ഡിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. 10 പേരെ അറസ്റ്റ് ചെയ്തു. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് ഇൻറർനാഷനൽ എയർപോർട്ട്, റിയാദിലെ ഡ്രൈ പോർട്ട്, ബത്ഹ അതിർത്തി പോസ്റ്റ് എന്നിവിടങ്ങളിലെ സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥർ നടത്തിയ റെയ്‌ഡിലാണ് അറസ്റ്റ്. 6,45,000 മയക്കുമരുന്ന് ഗുളികകളും ഷാബു ലഹരി വസ്തുവും രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് പരാജയപ്പെടുത്തിയത്. പിടികൂടിയതിൽ രണ്ട് ലക്ഷം കാപ്റ്റഗൺ ഗുളികകളും 4,45,000-ലധികം പ്രെഗാബാലിൻ, ട്രമഡോൾ ഗുളികകളും ഉൾപ്പെടുന്നു.

വീട്ടുപകരണങ്ങൾ അടങ്ങിയ തപാൽ പാഴ്സലുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു രണ്ട് ലക്ഷം കാപ്റ്റഗൺ ഗുളികകൾ. ജിദ്ദ വിമാനത്താവളത്തിൽനിന്നാണ് ഇത് പിടികൂടിയത്. പാത്രങ്ങളുടെ അടിവശത്തെ പാളിയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. റിയാദ് ഡ്രൈ പോർട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പ്രെഗബാലിൻ ഗുളികകൾ കടത്താനുള്ള ശ്രമം തകർത്തത്. തുറമുഖം വഴി രാജ്യത്തേക്ക് പ്രവേശിച്ച ഒരു കണ്ടെയ്‌നറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. വാഷിങ് മെഷീനുകളുടെ ഉള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 41,990 ട്രമഡോൾ ഗുളികകളും 500 ഗ്രാം ഷാബുവും സൗദി-യു.എ.ഇ അതിർത്തിയിലെ ബത്ഹ കസ്റ്റംസാണ് പിടികൂടിയത്.

ഈ സംഭവങ്ങളിലെല്ലം പിടികൂടിയ വസ്തുക്കൾ കൊണ്ടുവന്നവരെ അറസ്റ്റ് ചെയ്തെങ്കിലും ഇവ ആർക്കുവേണ്ടിയാണോ കൊണ്ടുവന്നത് അവരെ കൂടി കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നടപടി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായി ചേർന്ന് നടത്തിയതായി അതോറിറ്റി വ്യക്തമാക്കി.
ഇത്തരം നിരോധിത വസ്തുക്കൾ കടത്താനുള്ള ശ്രമങ്ങൾ ഇല്ലാതാക്കി സമൂഹത്തിെൻറ സുരക്ഷയും സംരക്ഷണവും വർദ്ധിപ്പിക്കുന്നതിനായി രാജ്യത്തിെൻറ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം ശക്തമാക്കുന്നത് തുടരുകയാണെന്ന് അതോറിറ്റി അറിയിച്ചു. മയക്കുമരുന്ന് ഇടപാടുകളെ കുറിച്ച് അറിവ് കിട്ടുന്നവർ അക്കാര്യം 1910, 00966114208417 എന്നീ നമ്പറുകളിലോ 1910@zatca.gov.sa എന്ന ഇ-മെയിൽ വഴിയോ അറിയിക്കണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. കൃത്യമായ വിവരം നൽകുന്നവർക്ക് പ്രതിഫലം നൽകും.

No comments