ബേഡകം ആശുപത്രിയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തണം; സിപിഐ എം ബേഡകം ഏരിയാസമ്മേളനം സമാപിച്ചു
മുന്നാട് : ആരോഗ്യ രംഗത്ത് മലയോരത്തിന് ആശ്വാസമായ ബേഡകത്തെ ആശുപത്രി, ഗവ. താലൂക്ക് ആശുപത്രി എന്ന നിലയിൽ പ്രവർത്തന സജ്ജമാക്കണമെന്ന് മുന്നാട് സമാപിച്ച സിപിഐ എം ബേഡകം ഏരിയാസമ്മേളനം ആവശ്യപ്പെട്ടു.
ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി, പുതിയ തസ്തിക സൃഷ്ടിക്കണം. വാടക കെട്ടിടത്തിൽ ഗ്രാമീണ ഡിസ്‌പെൻസറിയായി തുടക്കം കുറിച്ച ബേഡകം ആശുപത്രി 2018 ൽ താലൂക്ക് ആശുപത്രിയായി ഉയർത്തി. ഇപ്പോൾ 24 മണിക്കൂർ ഐപി, ഒപി സേവനങ്ങൾ നൽകുന്നുണ്ട്. എങ്കിലും താലൂക്ക് ആശുപത്രിയായി ഉയർത്തിയപ്പോൾ അതിനനുസൃതമായി സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരും ജീവനക്കാരുമില്ല. സ്‌പെഷ്യാലിറ്റി സേവനം ലഭ്യമാകുന്നതിന് 35 കിലോമീറ്റർ അകലെയുള്ള കാസർകോട് ജനറൽ ആശുപത്രിയേയോ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയേയോ ജനങ്ങൾക്ക് ആശ്രയിക്കേണ്ടി വരുന്നതായി സമ്മേളനം ചൂണ്ടിക്കാട്ടി.
കാസർകോട് സഹകരണ എഡ്യൂക്കേഷൻ സൊസൈറ്റിക്ക് നഴ്സിങ്, പാരാ മെഡിക്കൽ കോഴ്‌സ് അനുവദിക്കുക, നിർദ്ദിഷ്ട സബ് രജിസ്ട്രാർ ഓഫീസ് ഉടൻ യാഥാർഥ്യമാക്കുക, ബേക്കൽ –-ബേഡകം –-മൈസൂരു ബംഗളൂരു ടൂറിസം ഇടനാഴി സ്ഥാപിച്ച് അന്തർ സംസ്ഥാന പാത ഒരുക്കുക, കുറ്റിക്കോലിൽ റബർ അധിഷ്ഠിത വ്യവസായം സ്ഥാപിക്കുക, പടുപ്പിൽ ഹൈസ്കൂൾ അനുവദിക്കുക, മുന്നാട് വില്ലേജിലെ റവന്യു ഭൂമി വിലയിലെ അശാസ്ത്രീയത പരിഹരിക്കുക, കുറ്റിക്കോലിൽ ഇൻഡോർ സ്റ്റേഡിയം അനുവദിക്കുക, കെഎസ്‌എഫ്‌ഡിസി മുഖേനയോ ചലച്ചിത്ര അക്കാദമി മുഖേനയോ ആധുനിക സിനിമാ തീയറ്റർ സ്ഥാപിക്കുക, കുറ്റിക്കോലിൽ ഖാദി പാർക്ക് ആരംഭിക്കുക, ബന്തടുക്ക സുള്ള്യ വഴി കെഎസ്‌ആർടിസി അതിവേഗ സർവീസുകൾ ആരംഭിക്കുക, വന്യമൃഗ ശല്യത്തിലുണ്ടായ കാർഷിക നഷ്ടത്തിന് പരിഹാര പാക്കേജ് അനുവദിക്കുക, മലയോര ഹൈവെ തടസപ്പെട്ട ഭാഗം ഉടൻ പണി പൂർത്തീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം ഉന്നയിച്ചു.
ശനിയാഴ്‌ച പൊതുചർച്ചക്ക് സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ, ഏരിയാസെക്രട്ടറി എം അനന്തൻ എന്നിവർ മറുപടി നൽകി. മുതിർന്ന നേതാവ് പി കരുണാകരൻ, ജില്ലാസെക്രട്ടറിയറ്റംഗങ്ങളായ സാബു അബ്രഹാം, വി വി രമേശൻ, സി പ്രഭാകരൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ കുഞ്ഞിരാമൻ, സി ബാലൻ, ഇ പത്മാവതി എന്നിവർ സംസാരിച്ചു.
പ്രസീഡിയത്തിനുവേണ്ടി കെ പി രാമചന്ദ്രനും സംഘാടക സമിതിക്കായി ഇ രാഘവനും നന്ദി പറഞ്ഞു.
സമ്മേളനത്തിന് സമാപനം കുറിച്ച് മുന്നാട്ടെ മലയോര ടൗണിനെ ത്രസിപ്പിച്ച് ബഹുജന പ്രകടനം നടന്നു. പള്ളത്തുങ്കാൽ കേന്ദ്രീകരിച്ച് മുന്നാട്ടേക്ക് ചുവപ്പുസേന മാർച്ച് ചെയ്‌തു. മുന്നാട് പൊലീസ് സ്‌റ്റേഷന് സമീപത്തെ സീതാറാം യച്ചൂരി–- കോടിയേരി നഗറിൽ കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ഏരിയാസെക്രട്ടറി സി രാമചന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു, വി വി രമേശൻ, സി ബാലൻ, ഇ പത്മാവതി, എം അനന്തൻ എന്നിവർ സംസാരിച്ചു. ജയപുരം ദാമോദരൻ സ്വാഗതം പറഞ്ഞു.
സി രാമചന്ദ്രൻ സെക്രട്ടറി
മുന്നാട്
അഡ്വ. സി രാമചന്ദ്രൻ സെക്രട്ടറിയായി 19 അംഗ ഏരിയാകമ്മറ്റിയെ മുന്നാട് സമാപിച്ച സിപിഐ എം ബേഡകം ഏരിയാസമ്മേളനം ഏകകണ്ഠമായി തെരഞ്ഞെടുത്തു. എം അനന്തൻ, കെ പി രാമചന്ദ്രൻ, രാധാകൃഷ്ണൻ ചാളക്കാട്, കെ മുരളീധരൻ, ഇ കുഞ്ഞിരാമൻ, കെ ബാലകൃഷ്ണൻ, എം മിനി, ഓമന രാമചന്ദ്രൻ, ആൽബിൻ മാത്യു, പി ഗോപിനാഥൻ, ടി കെ മനോജ്, കെ സുധീഷ്, കെ എൻ രാജൻ, ഇ രാഘവൻ, പി കെ ഗോപാലൻ, രാധാ രവി, ബിപിൻരാജ് പായം, പി വി സുരേഷ് എന്നിവരാണ് ഏരിയാകമ്മിറ്റി അംഗങ്ങൾ. 20 അംഗ ജില്ലാസമ്മേളന പ്രതിനിധികളെയും ഏകകണ്‌ഠമായി തെരഞ്ഞെടുത്തു.
No comments