Breaking News

ജില്ലാ സ്കൂൾ കലോത്സവത്തിന് അക്ഷരക്കൂട്ടൊരുക്കി പുസ്തകവണ്ടിയുടെ പുസ്തകോത്സവം ശ്രദ്ധേയമാകുന്നു

ഉദിനൂർ: ഉദിനൂരിൽ നടക്കുന്ന കാസർകോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് അക്ഷരക്കൂട്ടുമായ് പുസ്തകവണ്ടിയുടെ പുസ്തകോത്സവവും. പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ പുസ്തകവണ്ടിയുടെ സ്റ്റാളിൽ ലഭ്യമാണ്. കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു.  കഴിഞ്ഞ 3 വർഷമായി ജില്ലാ സ്കൂൾ കലോത്സവത്തിൽ പുസ്തകവണ്ടിയുടെ സാന്നിധ്യമുണ്ട്. ഇത്തവണയും പ്രമുഖ പ്രസാധകരുടെ പുസ്തക ശേഖരവുമായാണ് പുസ്തകവണ്ടി പുസ്തകോത്സവം നടത്തുന്നത്. പ്രധാന വേദിയായ വേദി ഒന്നിന് സമീപത്തായാണ് പുസ്തകവണ്ടിയുടെ സ്റ്റാൾ ഒരുക്കിയിട്ടുള്ളത്. പുസ്തകോത്സവത്തിന് മാറ്റ് കൂട്ടാനായി ഫോട്ടോ പോയൻ്റും ഒരുക്കിയിട്ടുണ്ട്. ഇവിടെ വച്ച് മൊബൈലിൽ നിങ്ങളുടെ ഫോട്ടോ എടുത്തശേഷം സമീപത്തുള്ള ബോക്സിൽ പേരും ഫോൺ നമ്പരും എഴുതി നിക്ഷേപിക്കാം. സമാപന ദിവസമായ 30-ന് വൈകിട്ട് പൊതുവേദിയിൽ വച്ച് നടക്കുന്ന നറുക്കെടുപ്പിലൂടെ ഭാഗ്യശാലികൾക്ക് നിരവധി പുസ്തകങ്ങൾ സമ്മാനമായി നൽകും.  ലഭ്യതക്കനുസരിച്ച് വായനക്കാർക്ക് നേരിട്ട് പുസ്തകങ്ങൾ എത്തിച്ച് നൽകുന്ന പുസ്തകവണ്ടി ഇതിനോടകം വായനക്കാരുടെ മനസിൽ ഇടം നേടിക്കഴിഞ്ഞു. വായനയെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ നബിൻ ഒടയഞ്ചാൽ, ജയേഷ് കൊടക്കൽ എന്നീ യുവാക്കൾ തുടങ്ങി വെച്ച സംരംഭമായ പുസ്തകവണ്ടിയിലൂടെ ഇതിനോടകം കേരളത്തിനകത്തും പുറത്തും വിദേശത്തുമായി ആയിരക്കണക്കിന് വായനക്കാർക്ക് പുസ്തകങ്ങൾ എത്തിച്ച് നൽകിക്കഴിഞ്ഞു. 

പുസ്തകങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ: 9496357895, 9074348676

No comments