ഹയർ സെക്കണ്ടറി പരീക്ഷപേപ്പർ മൂല്യനിർണ്ണയ വേതനം നൽകണം : എ.കെ.എസ്.ടി.യു
കാസർകോട് : 2024 ഏപ്രിൽ , ജൂലായ് മാസങ്ങളിൽ നടന്ന ഹയർസെക്കണ്ടറി പരീക്ഷ പേപ്പർ മൂല്യനിർണ്ണയ വേതനം ഇനിയും അധ്യാപകർക്ക് നൽകാതിരിക്കുന്നത് അപലപനീയമാണെന്ന് എ.കെ.എസ്.ടി.യു ജില്ലാ എക്സി. യോഗം അഭിപ്രായപ്പെട്ടു. സാധാരണ നിലയിൽ മൂല്യനിർണ്ണയ ചുമതലകൾ കഴിഞ്ഞാൽ യഥാസമയം നൽകി വന്നിരുന്ന വേതനമാണ് കഴിഞ്ഞ വർഷം മുതൽ ഇതുവരേയായും നൽകാതിരിക്കുന്നത്. മൂല്യനിർണ്ണയ കേന്ദ്രങ്ങൾക്ക് സാധാരണയായി മുൻകൂറായി പണം അനുവദിക്കാറുള്ളതാണ്. കഴിഞ്ഞ വർഷം തൊട്ട് അതുണ്ടായില്ല.
2024-ൽ മുൻകൂറായി ഫണ്ടൊന്നും തന്നെ പരീക്ഷ നടത്തിപ്പിനോ, മൂല്യനിർണ്ണയകേന്ദ്രങ്ങൾക്കോ അനുവദിച്ച് നൽകിയിട്ടില്ല. കാസർകോട് ജില്ലയിൽ ജി.എച്ച്.എസ്.എസ് ബല്ല ഈസ്റ്റ്,
ജി.എച്ച്. എസ്. എസ് ഹോസ്ദൂർഗ്ഗ്, ജി.എച്ച്.എസ്.എസ് കുട്ടമത്ത്, ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവയാണ് മൂല്യനിർണ്ണയകേന്ദ്രങ്ങൾ.ഹയർ സെക്കണ്ടറി പരീക്ഷ നടത്തിപ്പിനായി കുട്ടികളിൽ നിന്നും നിശ്ചിത തുക എല്ലാവർഷവും ഫീസിനത്തിൽ പിരിച്ചെടുക്കുന്നുമുണ്ട്. പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രിക്കും, ധനകാര്യ, വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാർക്കും സംഘടന നിവേദനമയച്ചു.
യോഗത്തിൽ ജില്ലാ പ്രസിഡണ്ട് രാജീവൻ.എം.ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പത്മനാഭൻ, വിനയൻ കല്ലത്ത്, സുനിൽകുമാർ കരിച്ചേരി, സജയൻ. എ , സുപ്രഭ എ.കെ, രാജേഷ് ഓൾനടിയൻ, പി. രാജഗോപാലൻ, അജയകുമാർ.ടി.എ സംസാരിച്ചു.
No comments