ജില്ലയിൽ 5 ഹരിത ടൂറിസം കേന്ദ്രങ്ങൾ ; പട്ടികയിൽ റാണിപുരവും
പനത്തടി : മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിൽ അഞ്ച് ടൂറിസം കേന്ദ്രങ്ങൾ ഹരിത ടൂറിസം കേന്ദ്രങ്ങളാകുന്നു. ബേഡഡുക്ക പഞ്ചായത്തിലെ പൊലിയം തുരുത്ത് ഇക്കോ ടൂറിസം വില്ലേജ്, നീലേശ്വരം നഗരസഭയിലെ കോട്ടപ്പുറം ടെർമിനൽ, കാഞ്ഞങ്ങാട് നഗരസഭയിലെ കൈറ്റ് ബീച്ച്, പള്ളിക്കര പഞ്ചായത്തിലെ ബേക്കൽ കോട്ട, പനത്തടി പഞ്ചായത്തിലെ റാണിപുരം എന്നിവയാണ് ഹരിത ടൂറിസം കേന്ദ്രങ്ങളാകുന്നത്. ഇവിടങ്ങളിൽ പ്രവേശിക്കുന്ന സഞ്ചാരികളുടെ കൈയിൽ കരുതിയ വസ്തുക്കൾ പ്രവേശന വേളയിൽ പരിശോധിക്കുകയും പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് എണ്ണം അനുസരിച്ച് നിശ്ചിത തുക ഈടാക്കുകയുംചെയ്യും. കേന്ദ്രത്തിൽ നിന്നും പുറത്തേക്ക് കടക്കുമ്പോൾ പരിശോധനയ്ക്ക് ശേഷം പണം തിരികെ നൽകും.
സഞ്ചാരികൾക്ക് ഭക്ഷണം കഴിക്കുന്നതിന് കുടുംബശ്രീ നിശ്ചിത വാടക ഈടാക്കി സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളും നൽകും. ജൈവ, അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാൻ വ്യത്യസ്ത നിറങ്ങളിലുള്ള ശേഖരങ്ങൾ ഒരുക്കും.
No comments