ജലപൂരത്തിന് നാടൊരുങ്ങി... ഉത്തരമലബാർ ജലോത്സവം 17 ന് അച്ചാംതുരുത്തി തേജസ്വിനി പുഴയിൽ നടക്കും
ചെറുവത്തൂർ : ഉത്തരമലബാർ ജലോത്സവം 17 ന് അച്ചാംതുരുത്തി തേജസ്വിനി പുഴയിൽ നടക്കും. കേരളപ്പിറവി ദിനത്തിൽ നടത്താൻ തീരുമാനിച്ച ജലോത്സവം നീലേശ്വരം വെടിക്കെട്ട് ദുരന്തത്തെ തുടർന്ന് മാറ്റിവച്ചതായിരുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, നീലേശ്വരം നഗരസഭ, ചെറുവത്തൂർ പഞ്ചായത്ത്, ജനകീയ സംഘാടകസമിതി എന്നിവയുടെ നേതൃത്വത്തിലാണ് ജലോത്സവം.
മത്സരം അടുത്തെത്തിയതോടെ ടീമുകളുടെ അവസാന ഘട്ട പരിശീലനം തേജസ്വിനി പുഴയിൽ പുരോഗമിക്കുകയാണ്. ജലരാജപ്പട്ടം സ്വന്തം പേരിലുറപ്പിക്കാനുള്ള തീവ്ര പരിശീലനമാണ് നടക്കുന്നത്. കോട്ടപ്പുറം പാലത്തിന് സമീപം വൈകുന്നേരങ്ങളിലാണ് ചുരുളൻ വള്ളങ്ങളുടെ പരിശീലനം. പുരുഷ ടീമുകൾക്കൊപ്പം വനിതാ ടീമുകളും പരിശീലനം നടത്തുന്നുണ്ട്.
ആലപ്പുഴയിൽ നിന്നും പരിശീലകരെ എത്തിച്ചും നാട്ടിലെ മുതിർന്ന തുഴച്ചിൽക്കാരുടെയും നേതൃത്വത്തിലാണ് പരിശീലനം. പരിശീലനം കാണാനായി നിരവധി കുട്ടികളും സ്ത്രീകളും പുരുഷൻമാരും എത്തി തുഴച്ചിലുകാർക്ക് ആവേശം പകരുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വള്ളങ്ങൾ നീറ്റിലിറക്കി ജലോത്സവത്തിന്റെ വരവറിയിക്കും.
പലതവണ കരുത്ത് തെളിയിച്ച 14 ടീമുകളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. അതുകൊണ്ടു ജലരാജപ്പട്ടം ആരുനേടും എന്നത് പ്രവചിക്കാൻ സാധിക്കില്ല. വയൽക്കര മയിച്ച, എ കെ ജി പൊടോത്തുരുത്തി, വിഷ്ണുമൂർത്തി ബോട്ട് ക്ലബ് കുറ്റിവയൽ, ന്യൂ ബ്രദേഴ്‌സ് മയിച്ച, അഴീക്കോടൻ അച്ചാംതുരുത്തി, റെഡ്‌സ്റ്റാർ കാര്യങ്കോട്, പാലിച്ചോൻ അച്ചാംതുരുത്തി, കൃഷ്ണപിള്ള കാവുഞ്ചിറ, ഇ എം എസ് മുഴക്കീൽ, എ കെ ജി മയ്യിച്ച, വയൽക്കര വെങ്ങാട്ട് എന്നിവയാണ് പ്രധാന ടീമുകൾ. എ കെ ജി പൊടോത്തുരുത്തി, പാലിച്ചോൻ അച്ചാംതുരുത്തി, കൃഷ്ണപിള്ള കാവുംചിറ എന്നിവയുടെ ബി ടീമുകളും മത്സരിക്കാനുണ്ട്. പുരുഷന്മാരുടെ 25 പേർ തുഴയും മത്സരത്തിൽ 13 ടീമുകളും 15 പേർ തുഴയും മത്സരത്തിൽ 14 ടീമുകളും പുഴയിലറങ്ങും.
പലവർഷങ്ങളിലായി കപ്പുകൾ ഉയർത്തിയ ടീമുകൾ മാറ്റുരക്കാനിറങ്ങുമ്പോൾ ജലോത്സവം ആവേശ കൊടുമുടിയിലെത്തും.
No comments