വനാതിർത്തിയിൽ ചുറ്റിപ്പറ്റി പുലി; ഉൾക്കാട്ടിലേക്ക് ഓടിക്കാൻ വനപാലകർ; ദൗത്യം തുടങ്ങി
കാറഡുക്ക : കൂട്ടിൽ കുടുങ്ങാത്ത പുലികളെ പടക്കം പൊട്ടിച്ച് ഓടിക്കാൻ വനം വകുപ്പ്. വനം റേഞ്ച് ഓഫിസർ സി.വി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ 3 സംഘങ്ങളായി തിരിഞ്ഞാണ് ദൗത്യം ആരംഭിച്ചത്. പുലികളുടെ സാന്നിധ്യം കണ്ടെത്തിയ മഞ്ചക്കൽ, കുണിയേരി, നെയ്യങ്കയം, കൊട്ടംകുഴി, കല്ലളിക്കാൽ പ്രദേശങ്ങളിലാണ് ആദ്യ ദിവസത്തെ തുരത്തൽ.കാട്ടിനുള്ളിൽ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും പുലികളെ ഓടിക്കാനാണ് ശ്രമിക്കുന്നത്. ആവാസ സ്ഥലത്ത് അസ്വസ്ഥതയും ബഹളവും കാണുമ്പോൾ പുലി ഇവിടെ നിന്നു പോകുമെന്ന വിദഗ്ധ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ദിവസങ്ങൾക്ക് മുൻപ് മുളിയാർ പഞ്ചായത്ത് ഓഫിസിൽ നടന്ന ജനജാഗ്രത സമിതി യോഗത്തിൽ അധികൃതർ ഇക്കാര്യം അറിയിക്കുകയും തീരുമാനം എടുക്കുകയും ചെയ്തിരുന്നു. മുളിയാർ, കാറഡുക്ക പഞ്ചായത്തുകളിലായി 4 പുലികൾ ഉണ്ടെന്നാണ് വനം വകുപ്പ് സ്ഥിരീകരിക്കുന്നത്.
No comments