Breaking News

കൂട്ടിൽ കുടുങ്ങാത്ത പുലികളെ പടക്കം പൊട്ടിച്ച് ഓടിക്കും മുളിയാർ, കാറഡുക്ക പഞ്ചായത്തുകളിലായി പുലികൾ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം


കാറഡുക്ക ∙ കൂട്ടിൽ കുടുങ്ങാത്ത പുലികളെ പടക്കം പൊട്ടിച്ച് ഓടിക്കാൻ വനം വകുപ്പ്. വനം റേഞ്ച് ഓഫിസർ സി.വി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ 3 സംഘങ്ങളായി തിരിഞ്ഞാണ് ദൗത്യം ആരംഭിച്ചത്. പുലികളുടെ സാന്നിധ്യം കണ്ടെത്തിയ മഞ്ചക്കൽ, കുണിയേരി, നെയ്യങ്കയം, കൊട്ടംകുഴി, കല്ലളിക്കാൽ പ്രദേശങ്ങളിലാണ് ആദ്യ ദിവസത്തെ തുരത്തൽ.കാട്ടിനുള്ളിൽ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും പുലികളെ ഓടിക്കാനാണ് ശ്രമിക്കുന്നത്. ആവാസ സ്ഥലത്ത് അസ്വസ്ഥതയും ബഹളവും കാണുമ്പോൾ പുലി ഇവിടെ നിന്നു പോകുമെന്ന വിദഗ്ധ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ദിവസങ്ങൾക്ക് മുൻപ് മുളിയാർ പഞ്ചായത്ത് ഓഫിസിൽ നടന്ന ജനജാഗ്രത സമിതി യോഗത്തിൽ അധികൃതർ ഇക്കാര്യം അറിയിക്കുകയും തീരുമാനം എടുക്കുകയും ചെയ്തിരുന്നു. മുളിയാർ, കാറഡുക്ക പഞ്ചായത്തുകളിലായി 4 പുലികൾ ഉണ്ടെന്നാണ് വനം വകുപ്പ് സ്ഥിരീകരിക്കുന്നത്. 

ഒരു വർഷത്തിലേറെയായി പല സ്ഥലങ്ങളിലും നാട്ടുകാർ പുലിയെ കണ്ടിരുന്നു. വീടുകളിൽ നിന്നു വളർത്തു നായകളെ പുലി പിടിക്കുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിൽ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ പാണൂർ തോട്ടത്തു മൂലയിലെ മണികണ്ഠന്റെ വീട്ടുമുറ്റത്ത് നിന്നാണ് നായയെ പിടിച്ചത്. അതിനു ശേഷം പുലികൾ നാട്ടിലിറങ്ങിയിട്ടില്ല.പുലിയെ പിടിക്കാൻ ഒരു മാസം മുൻപ് കുണിയേരി മിന്നംകുളത്ത് കൂട് സ്ഥാപിച്ചിരുന്നു. ഇപ്പോഴും കുട് അവിടെ തന്നെയുണ്ട്.ഇതുവരെ ഒറ്റ പുലി പോലും കൂടിന്റെ ഏഴയലത്തു പോലും എത്താത്ത സാഹചര്യത്തിലാണ് വനം വകുപ്പിന്റെ പുതിയ പരീക്ഷണം. മുളിയാർ, കാറഡുക്ക പഞ്ചായത്തുകളിൽ നിന്ന് പുലികളെ ഓടിക്കാൻ വനം വകുപ്പ് ശ്രമിക്കുന്നതിനിടെ ദേലംപാടി പഞ്ചായത്തിലെ പാണ്ടിയിലും പുലികളെ കണ്ടു. പാണ്ടി ഭജനമന്ദിരത്തിനു സമീപത്താണ് 2 പുലികളെ കണ്ടത്. വോളിബോൾ ടൂർണമെന്റ് കഴിഞ്ഞ് പോവുകയായിരുന്നവർ ഇന്നലെ പുലർച്ചെ 3 നാണ് പുലികളെ കണ്ടത്.

No comments