വെള്ളരിക്കുണ്ട് ടൗണിൽ ഭീതിവിതച്ച് പെരുംതേനീച്ചകൾ
വെള്ളരിക്കുണ്ട് : ബഹുനില കെട്ടിടത്തിലെ പെരുംതേനീച്ചക്കൂടുകൾ വ്യാപാരികൾക്കും യാത്രക്കാർക്കും ഭീഷണിയായി മാറി. വെള്ളരിക്കുണ്ട് ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വ്യാപാര സമുച്ചയത്തിന്റെ മുകൾ നിലയിലുള്ള തേനീച്ചകളാണ് ഭീഷണി സൃഷ്ടിക്കുന്നത്
സൺ ഷെയ്ഡിലാണ് ഏറെ നാളുകളായി തേനീച്ച കൂടുകൾ ഉള്ളത്. അഞ്ചു കൂടുകൾ ഉള്ളതിൽ ഒരെണ്ണം വലിപ്പം കൂടിയതാണ്. ഇത് മൂന്ന് അടിയോളം നീളത്തിൽ തൂങ്ങിക്കിടക്കുന്നതിനാൽ കാറ്റിൽ ആടുന്നുണ്ട്. ശക്തമായ കാറ്റ് വീശിയാൽ ഇത് വേർപെട്ട് താഴേയ്ക്ക് പതിക്കാനുള്ള സാദ്ധ്യത ഏറെയാണ്. ഈ ഭാഗത്ത് ഒട്ടേറെ കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനാൽ ഇത് താഴേയ്ക്ക് പതിച്ചാൽ നൂറു കണക്കിന് ആളുകൾക്ക് കുത്തേൽക്കുമെന്ന ആശങ്കയിലാണ് വ്യാപാരികൾ..
കൊന്നക്കാട് ഭാഗത്തേക്ക് പോകുവാൻ പൊതുജനങ്ങൾ ബസ് കാത്തുനിൽക്കുന്ന സ്ഥലത്തിനരികിലായാണ് തേനീച്ചകൂടുകൾ കൂടാതെ നൂറുകണക്കിന് വിദ്യാർഥികൾ കടന്നു പോകുന്ന വഴി കൂടിയാണിത് . രണ്ടു വര്ഷം മുൻപ് ഫയർ ഫോഴ്സ് എത്തി പുകച്ച് തേനീച്ചയെ ഒഴിവാക്കിയെങ്കിലും ഇക്കൊല്ലവും തേനീച്ചയെത്തി കൂട് കൂട്ടുകയായിരുന്നു . പ്രാവിൻകൂട്ടങ്ങളും കാക്കകളുമെല്ലാം ഈ സമുച്ചയത്തിന്റെ വിവിധമേഖലകളിൽ തമ്പടിച്ചിട്ടുണ്ട്. ഇവയുടെ ആക്രമണം ഉണ്ടായാലും തേനീച്ചക്കൂടുകൾ ഇളകാനുള്ള സാദ്ധ്യത ഏറെയാണ്.
ഹരികൃഷ്ണൻ വെള്ളരിക്കുണ്ട്
No comments