മാനന്തവാടിയിൽ ആദിവാസി യുവാവിന് നേരെ അതിക്രമം; യുവാവിനെ കാറിൽ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരത
വയനാട് : മാനന്തവാടിയിൽ ആദിവാസി യുവാവിന് നേരെ അതിക്രമം. കുടൽകടവ് ചെമ്മാട് ഉന്നതിയിലെ മാതൻ എന്നയാൾക്കു നേരെയാണു ക്രൂരത. മാതനെ വാഹനത്തിൽ റോഡിലൂടെ അരക്കിലോമീറ്ററോളം വിനോദസഞ്ചാരികൾ വലിച്ചിഴച്ചു. മാതനു സാരമായ പരുക്കേറ്റു. പയ്യംമ്പള്ളി കുടൽ കടവിൽ ചെക്ക്ഡാം കാണാനെത്തിയ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ടതിനാണ് മാതനെ വിനോദസഞ്ചാരികൾ ആക്രമിച്ചത്.
ഇന്നലെ മാനന്തവാടി പയ്യംമ്പള്ളി കൂടൽ കടവിൽ ചെക്ക് ഡാം കാണാനെത്തിയ രണ്ട് സംഘങ്ങൾ തമ്മിലാണ് വാക്കുതർക്കം ഉണ്ടായത്. ബഹളംകേട്ടു പ്രശ്നത്തിൽ ഇടപെടാനെത്തിയ നാട്ടുകാരും വിനോദസഞ്ചാരികളും തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടെ കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ തടയാനെത്തിയതായിരുന്നു മാതൻ.
പിന്നാലെ സംഘം മാതനെ കൈപിടിച്ച് മാനന്തവാടി-പുൽപ്പള്ളി റോഡിലൂടെ കാറിൽ വലിച്ചിഴയ്ക്കുകയായിരുന്നു. സംഭവത്തിൽ മാതന്റെ അരയ്ക്കും കൈകാലുകൾക്കും പരുക്കേറ്റു. യുവാവിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു.മലപ്പുറത്ത് റജിസ്റ്റർ ചെയ്ത കെഎൽ 52 എച്ച് 8733 എന്ന നമ്പറിലുള്ള കാറിൽ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. കാറിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
No comments