Breaking News

മാജിദിന്റെ സത്യസന്ധത നിമിത്തം ലഭിച്ചത് ഒരു സ്നേഹ വീട്.. കുന്നുംകൈ എ യു പി സ്കൂളിന്റെ നേതൃത്വത്തിൽ സുമനസ്സുകളും സൈലം ഗ്രൂപ്പും കൈകോർത്ത് പൂർത്തിയാക്കിയ സ്നേഹവീടിന്റെ താക്കോൽദാനം നിർവഹിച്ചു


വെള്ളരിക്കുണ്ട് : കുന്നുംകൈ എ യു പി സ്കൂളിന്റെ നേതൃത്വത്തിൽ   സുമനസ്സുകളും സൈലം ഗ്രൂപ്പും കൈകോർത്ത് കുന്നുംകൈയിൽ പൂർത്തിയാക്കിയ സ്നേഹവീടിന്റെ താക്കോൽദാനം സൈലം ഗ്രൂപ്പ് സി ഇ ഒ ഡോ അനന്തു എസ് നിർവഹിച്ചു.

മാജിദിന് ഈ വീട് ലഭിക്കാൻ ഇടയായ കാരണം "സത്യസന്ധത "ജീവിതത്തിൽ പാലിച്ചതുകൊണ്ടാണ്.. നിർദ്ധന അവസ്ഥയിലുള്ള തന്റെ കുടുംബത്തെ സഹായിക്കാൻ കുന്നുംകൈ എ യു പി സ്കൂളിലെ വിദ്യാർത്ഥികൂടിയായ മാജിദ് ഒഴിവ് സമയങ്ങളിൽ മലയോരത്തെ വിവിധ ടൗണുകളിൽ കടല വില്പന ചെയ്യാറുണ്ടായിരുന്നു അങ്ങനെ ഒരു ദിവസം നർക്കിലക്കാട് സ്വദേശിയും പൊതുരംഗത്തും ചാനൽ മേഖലയിലും പ്രവർത്തിക്കുന്ന സുധിഷ് കെ കെ കുന്നുംകൈ പമ്പിൽ പെട്രോൾ അടിക്കുന്ന സമയത്ത് കടലയുമായി വന്ന മാജിദിന്റെ കയ്യിൽ നിന്നും കടല വാങ്ങുകയും വിലയായി അറിയാതെ 10 രൂപ കോയിന് പകരം 20 രൂപ കോയിൻ നൽകുകയും ചെയ്തു. കടല വാങ്ങി വാഹനമെടുത്ത് പുറത്തേക്ക് പോയപ്പോൾ ഗ്ലാസ്സിലൂടെ പുറകെ വീണ്ടും ഓടിക്കിതച്ച് വണ്ടിക്കരികിലേക്ക് വരുന്ന മാജിദിനെ ശ്രദ്ധിച്ചത്. ഗ്ലാസ് താഴ്ത്തി കാര്യം അന്വേഷിച്ചപ്പോളാണ് മാജിദ് പറഞ്ഞത് "സർ തന്നത് 20 രൂപ കോയിൻ ആണെന്നും ബാക്കി 10 രൂപ തരാനാണ് ഓടി വന്നതെന്നും" ആ സത്യസന്ധത സുധീഷ് ശ്രദ്ധിക്കുകയും കൂടുതൽ പരിചയപ്പെട്ടപ്പോഴാണ് വീടിന്റെ ദയനീയ അവസ്ഥ മനസ്സിലാവുകയും പിന്നീട് റിപ്പോർട്ടർ ചാനലിലൂടെ വാർത്ത വരികയും ചെയ്തത്തോടെ നാട്ടിലെയും വിദേശത്തെയും സുമനസ്സുകൾ സഹായിക്കുകയും റ്റിജു തോമസ് എഞ്ചിനീയറുടെ മേൽനോട്ടത്തിൽ വീട് പണി ആരംഭിക്കുകയും ചെയ്തു. എന്നാൽ ഇടക്ക് വെച്ച് സാമ്പത്തിക പാരദീനതകൾ മൂലം വീട് പണി നിർത്തിവെക്കേണ്ട അവസ്ഥ വന്നപ്പോൾ സുധീഷ് മുഖാന്തിരം റിപ്പോർട്ടർ ചാനൽ സൈലം ഗ്രൂപ്പുമായി ബന്ധപ്പെട്ടപ്പോൾ വീട് പണി പൂർത്തിയാക്കാൻ വേണ്ട 5 ലക്ഷം അവർ കൈമാറുകയും വീട് പണി പൂർത്തിയാക്കുകയുമായിരുന്നു.

കുന്നുംകൈ എ യു പി സ്കൂളിൽ നടന്ന ഉത്ഘാടനചടങ്ങിൽ മാജിദിന്റെ കൂട്ടുകാരായ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ വർഗീസ് സി എം സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ മെമ്പർ എ വി രാജേഷ് ആദ്യക്ഷനായി. ചിറ്റാരിക്കാൽ എ ഇ ഒ രത്നാകരൻ മുഖ്യഅതിഥിയായി. 

ചടങ്ങിൽ സ്നേഹവീടിന്റ നിർമ്മാണത്തിന് നിമിത്തമായ സുധീഷ് കെ കെ, സൈലം ഗ്രൂപ്പ്‌ സി ഇ ഒ അനന്തു, വീട് പണി തുടങ്ങാൻ 2 ലക്ഷം കൊടുത്തു സഹായിച്ച പ്രവാസി വ്യവസായി അസീസ് മങ്കയം,നിർമ്മാണ മേൽനോട്ടം നിർവഹിച്ച എഞ്ചിനീയർ റ്റിജു തോമസ് എന്നിവർക്ക് സ്നേഹോപകാരം  നൽകി ആദരിച്ചു. വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി സി ഈസ്മായിൽ ഉപഹാരം കൈമാറി.

ചടങ്ങിന് ആശംസകളുമായി രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധിപേർ പങ്കെടുത്തു. നിർമ്മാണ കമ്മിറ്റി ജനറൽ കൺവീനർ ബി റഷീദ ടീച്ചർ നന്ദി പറഞ്ഞു.

ഹരികൃഷ്ണൻ വെള്ളരിക്കുണ്ട് 

No comments