മരുതടുക്കം ശങ്കരംകാട് ജനവാസ മേഖലയിൽ പുലിയിറങ്ങിയ പ്രദേശം വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും പരിശോധിച്ചു
കുണ്ടംകുഴി : കാറഡുക്ക, മുളിയാർ ഭാഗങ്ങളിലുണ്ടായ പുലിഭീതി ബേഡഡുക്ക പഞ്ചായത്തിലും. മുളിയാർ വനത്തിൽ നിന്നും പയസ്വിനി പുഴ കടന്നാണ് പുലി ഇവിടെയും ജനവാസ മേഖലയിലെത്തിയത്. വെള്ളി പുലർച്ചെ മൂന്നിന് മരുതടുക്കം ശങ്കരംകാട് റബ്ബർ ടാപ്പിങ്ങ് തൊഴിലാളികൾ പുലിയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. ശങ്കരംകാട് കെ മധുവിന്റെ വിടിന് സമീപത്ത് റബ്ബർ ടാപ്പിങ്ങ് തൊഴിലാളികളായ തോമസ്, സനു എന്നിവരാണ് റബ്ബർ ചെത്തുന്നതിനിടയിൽ പുലിയെ തൊട്ടടുത്ത് കണ്ടത്. ചെറുതും വലുതുമായ രണ്ട് പുലികളെ കണ്ടതോടെ മനു തോട്ടത്തിലെ ഷെഡ്ഡിൽ കയറി വാതിലടച്ചു. തോമസ് അടുത്ത വീട്ടിലെ അഡ്വ. കൃഷ്ണകുമാറിന്റെ വീട്ടിലേക്കോടി നാട്ടുകാരെയും കൂട്ടിയെത്തി ശബ്ദമുണ്ടാക്കിയപ്പോഴാണ് പുലികൾ പോയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഒരാഴ്ച മുമ്പ് കുണ്ടംകുഴി തോണിക്കടവ്, ദർബോണി, ബത്തകുമ്പിരി എന്നിവിടങ്ങളിലും പുലിയെ കണ്ടിരുന്നു. ദർബോണിയിൽ രാത്രി ആളൊഴിഞ്ഞ വീടിന് സമീപം മരത്തിൽനിന്നും പുലി ചാടിയിറങ്ങിയത് കണ്ട് സമീപവാസി പേടിച്ചോടിയിരുന്നു.
No comments