എണ്ണപ്പാറ സ്വദേശിനി രേഷ്മയുടെ തിരോധാനം ; ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി
രാജപുരം : എണ്ണപ്പാറ സർക്കാരി മൊയോലത്തെ ആദിവാസി പെൺകുട്ടി എം സി രേഷ്മയുടെ (17) തിരോധാനം സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. രേഷ്മയെ കാണാതായിട്ട് 15 വർഷം കഴിഞ്ഞിട്ടും ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് കണ്ണൂർ എസ് പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘം മൊയോലത്തെ വീട്ടിലെത്തി രേഷ്മയുടെ അച്ഛൻ പി സി രാമനിൽനിന്നും വിവരങ്ങൾ തേടി. സമീപത്തെ വീടുകളിലും അന്വേഷണ സംഘമെത്തി. രേഷ്മ പഠിച്ച ബളാംതോട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിവരങ്ങളും ശേഖരിച്ചു. 2010 ജൂൺ ആറിനാണ് കാഞ്ഞങ്ങാട് നഗരത്തിൽ ടീച്ചേഴ്സ് ട്രെയിനിങ് പരിശീലനത്തിനെത്തിയ രേഷ്മയെ കാണാതാകുന്നത്. പാണത്തൂർ ബാപ്പുങ്കയം സ്വദേശിയായ ബിജു പൗലോസ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തിയതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് രേഷ്മയുടെ അച്ഛൻ രാമൻ 2011 ജനുവരി 19ന് അമ്പലത്തറ പൊലീസിൽ പരാതിയും നൽകി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും കാണിച്ച് 2021ൽ കുടുംബം ഹൈക്കോടതിയിൽ കേസ് ഫയൽചെയ്തു. തുടർന്ന് കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ബേക്കൽ ഡിവൈഎസ്പി സി കെ സുനിൽകുമാറിനായിരുന്നു ചുമതല. രേഷ്മയെ കൊലപ്പെടുത്തി പുഴയിൽ തള്ളിയെന്ന് പ്രതിസ്ഥാനത്തുള്ള ബിജു പൗലോസ് നൽകിയ മൊഴി മാത്രമാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിന് തെളിവുകളോ സാക്ഷികളോ ഇല്ല. അതിനാൽ പ്രതിയെ അറസ്റ്റ് ചെയ്യാനും സാധിച്ചില്ലെന്ന് അന്വേഷകസംഘം ആദ്യഘട്ടത്തിൽ കോടതിയെ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുള്ള ഘട്ടങ്ങളിലെല്ലാം പ്രതി ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. പ്രതി രാജ്യം വിടാതിരിക്കാൻ പാസ്പോർട്ട് അന്വേഷകസംഘം കസ്റ്റഡിയിലെടുത്തിരുന്നു. അന്വേഷണം തൃപ്തികരമെല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് 2024ൽ ഡിസംബറിൽ കുടുംബം വീണ്ടും കോടതിയിൽ പരാതി നൽകി. തുടർന്നാണ് കോടതി അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിച്ച് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് നോർത്ത് സോൺ ഐജി പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.
No comments