Breaking News

വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; കൊന്നക്കാട് അത്തിയടുക്കത്തെ ഭൂമി ഇനി ഉടമകൾക്ക് സ്വന്തം


വെള്ളരിക്കുണ്ട് : വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; അത്തിയടുക്കത്തെ ഭൂമി ഇനി ഉടമകൾക്ക് സ്വന്തം. വനം വകുപ്പുമായി തർക്കത്തിലായിരുന്ന മാലോം വില്ലേജിലെ അത്തിയടുക്കത്തെ 26 കടുംബങ്ങളുടെ ഭൂമി നിയമക്കുരുക്കഴിച്ച് ഭൂമിയ്ക്കുള്ള അവകാശം വ്യാഴം പകൽ മൂന്നിന് വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എ കെ ശശീന്ദ്രൻ ഉടമസ്ഥർക്ക് കൈമാറും. അത്തിയടുക്കത്തെ പട്ടികവർഗ കുടുംബങ്ങൾ ഉൾപ്പെടെ 39 കുടുംബങ്ങളാണ് പട്ടയഭൂമിയിൽ അവകാശമില്ലാതെ ദുരിതം അനുഭവിച്ചിരുന്നത്. 1958 മുതൽ ഇവിടെ താമസിക്കുകയും കൃഷിചെയ്യുകയും ചെയ്ത ഭൂമിക്ക് 1974--- 76 കാലത്ത് നീലേശ്വരം ലാൻഡ് ട്രിബ്യൂണലിൽ നിന്നും പട്ടയവും അനുവദിച്ചിരുന്നു. 39 പേരിൽ മൂന്ന് സെന്റ് മുതൽ അഞ്ച് ഏക്കർ വരെ ഭൂമിയള്ളവരുണ്ട്. 2006ലാണ് ഈ കുടുംബങ്ങളെ വഴിയാധാരമാക്കി, വനം വകുപ്പ് ഒലവക്കോട് ചീഫ് കൺസർവേറ്റർ ഭൂനികുതി വാങ്ങരുതെന്ന് ഉത്തരവിട്ടത്. ഇതിനെതിരെ ഭൂവുടമകൾ അപേക്ഷയുമായി കയറിയിറങ്ങിയെങ്കിലും നടപടിയുണ്ടായില്ല. 2012ൽ വനം വകുപ്പ് കുടിയിറക്ക് നോട്ടീസ് നൽകി. അന്നത്തെ എം പി കരുണാകരൻ, ഇ ചന്ദ്രശേഖരൻ എംഎൽഎ എന്നിവർ പ്രശ്നത്തിൽ ഇടപ്പെട്ടു. എംപിയുടെ നേതൃത്വത്തിൽ അന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും വനംമന്ത്രിയെയും കണ്ട് ചർച്ച നടത്തി. സ്ഥലമുടമകളോട് കോടതിയിൽ നിന്നും സ്റ്റേ വാങ്ങാൻ സർക്കാർ നിർദേശിച്ചു. ഒരു വർഷത്തിനകം പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകുകയുംചെയ്തു. വർഷം അഞ്ച് കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. പിന്നീട് വന്ന എൽഡിഎഫ് സർക്കാർ പ്രശ്ന പരിഹാരത്തിന് നടപടി ത്വരിതപ്പെടുത്തി. തിരുവനന്തപുരത്ത് റവന്യൂ, വനം മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു. കലക്ടറും ജില്ലാ ഫോറസ്റ്റ് ഓഫീസറും അടങ്ങുന്ന റവന്യൂ, വനംവകുപ്പ് സംഘം സ്ഥലം സന്ദർശിച്ച് കുടുംബങ്ങളിൽ നിന്നും തെളിവ് ശേഖരിച്ചു. കർഷകരുടെ പരാതി ന്യായമാണെന്ന് ബോധ്യപ്പെട്ടു.

ഹൈക്കോടതിയിലെ സ്പെഷ്യൽ പ്ലീഡർ നാഗരാജ് നാരായണനും കർഷകർക്ക് അനുകൂലമായി സർക്കാരിന് റിപ്പോർട്ട് നൽകിയതോടെ പ്രശ്നപരിഹാരമാകുകയായിരുന്നു.

No comments