മകളുടെ പിറന്നാളിനു വിതരണം ചെയ്യാൻ മിഠായി വാങ്ങിക്കാൻ പോകുന്നതിനിടയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റു കിടപ്പിലായിരുന്ന ടി.വി മെക്കാനിക്ക് മരിച്ചു; മകൾ അപകടസ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു
കാസർകോട്: പിറന്നാൾ ആഘോഷത്തിനു മിഠായി വാങ്ങിക്കുവാൻ മകളെയും കൂട്ടി സ്കൂട്ടറിൽ പോകുന്നതിനിടയിൽ ഓട്ടോയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് രണ്ടു വർഷമായി കിടപ്പിലായിരുന്ന ടി.വി മെക്കാനിക്ക് മരിച്ചു. മഞ്ചേശ്വരം, കട്ടബസാറിലെ രവിചന്ദ്ര (58) ആണ് മരിച്ചത്. മകൾ ദീപിക (12) അപകടസ്ഥലത്തു തന്നെ മരിച്ചിരുന്നു. 2022ഫെബ്രുവരി 23ന് മഞ്ചേശ്വരം ബീച്ച് റോഡ് ജംഗ്ഷനു സമീപത്തു ഒളപ്പേട്ടയിലായിരുന്നു അപകടം. ബങ്കര, മഞ്ചേശ്വരം ജി.എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ദീപിക. മകളേയും കൂട്ടി പിറന്നാൾ ദിനത്തിൽ വിതരണം ചെയ്യാനായി മിഠായി വാങ്ങിക്കുവാൻ സ്കൂട്ടറിൽ പോവുകയായിരുന്നു രവിചന്ദ്ര. ഇതിനിടയിലായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ രവിചന്ദ്ര ഏറെക്കാലം മംഗ്ളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനു ശേഷമാണ് വീട്ടിലെത്തിയത്. വീട്ടിലെത്തിയശേഷവും കിടപ്പിലായിരുന്നു. ഭാര്യ: മഞ്ജുള. മകൾ ദീക്ഷിത
No comments