കൊലക്കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയായ കുമ്പള സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചു
കാസർകോട്: കൊലക്കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. കുമ്പള, മാവിനക്കട്ടയിലെ ക്വാർട്ടേഴ്സിൽ താമസക്കാരനായ അഭിലാഷ് എന്ന ഹബീബി(30) നെയാണ് കുമ്പള പൊലീസ് ഇൻസ്പെക്ടർ കെ.പി വിനോദ് കുമാറും സംഘവും അറസ്റ്റു ചെയ്തത്.
കുമ്പളയിലെ സമൂസ റഷീദിനെ ഐഎച്ച്ആർഡി കോളേജിനു സമീപത്തു വച്ച് തലയിൽ കല്ലിട്ടു കൊലപ്പെടുത്തിയ കേസ്, ഭാര്യയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ ഹണിട്രാപ്പിൽ പെടുത്തി 5.45 ലക്ഷം രൂപ തട്ടിയെടുത്ത കേസ്, മൊഗ്രാലിൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, നീലേശ്വരത്ത് രണ്ടു കിലോ കഞ്ചാവും എംഡിഎംഎയും പിടികൂടിയ കേസ്, കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കഞ്ചാവ് എത്തിച്ച കേസ് തുടങ്ങിയവയിൽ ഹബീബ് പ്രതിയാണെന്നു പൊലീസ് പറഞ്ഞു. നേരത്തെ ഇയാളെ ആറു മാസത്തേക്ക് കാപ്പ ചുമത്തി അറസ്റ്റു ചെയ്ത് ജയിലിൽ അടച്ചിരുന്നു. എന്നാൽ പുറത്തിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതോടെയാണ് ഒരു വർഷത്തേക്ക് വീണ്ടും കാപ്പ ചുമത്തിയതെന്നു പൊലീസ് പറഞ്ഞു.
No comments