Breaking News

ബേളൂർ പറക്കളായി വലിയടുക്കത്ത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള നേർച്ച രൂപങ്ങളും ഭൂതാരാധനയുടെ തെളിവുകളും കണ്ടെത്തി


ഒടയംചാൽ  : ബേളൂർ വില്ലേജിലെ പറക്കളായി വലിയടുക്കത്ത് രതി രാധാകൃഷ്ണന്റെ പറമ്പിൽ നിന്നും വീട് നിർമ്മിക്കുന്നതിന് മണ്ണു മാറ്റുമ്പോൾ നൂറ്റാണ്ടുകളുടെ പഴക്കമുള്ള നേർച്ച രൂപങ്ങളും ഭൂതാരാധനയുടെ തെളിവുകളും കണ്ടെത്തി. സങ്കര ലോഹങ്ങൾ കൊണ്ട് നിർമ്മിച്ച നിരവധി രൂപങ്ങളാണ് കണ്ടെത്തിയത്. വിവിധ വസ്തുക്കൾ കണ്ടെത്തിയ കാര്യം നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ എം.എ. ചരിത്ര വിദ്യാർത്ഥിയായിരുന്ന ജനമൈത്രി ബീറ്റ് ഓഫീസർ ടി.വി. പ്രമോദ് അറിയിച്ചതനുസരിച്ച് സ്ഥലം സന്ദർശിച്ച ചരിത്ര ഗവേഷകനും നെഹ്റു കോളേജിലെ അധ്യാപകനുമായ ഡോ.നന്ദകുമാർ കോറോത്ത്, പ്രസ്തുത രൂപങ്ങൾ പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളിൽ ഉത്തരകേരളത്തിൽ വ്യാപകമായി നിലനിന്നിരുന്ന അനുഷ്ഠാനമായ നേർച്ച സമർപ്പണത്തിന് വേണ്ടിയുണ്ടാക്കിയ രൂപങ്ങളും ഭൂതാരാധനയുടെ ശേഷിപ്പുകളുമാണെന്ന് അഭിപ്രായപ്പെട്ടു. ഇക്കേരി നായകരുടെ കലഘട്ടവുമായി ബന്ധപ്പെട്ടവയായിരിക്കാം കണ്ടെത്തിയവയിലുള്ള നമസ്കാര മുദ്ര കാണിക്കുന്ന രൂപങ്ങൾ എന്ന് പ്രശസ്ത പുരാവസ്തു ഗവേഷകൻ പ്രൊഫ.അജിത്കുമാർ അഭിപ്രായപ്പെട്ടു. പന്നി, മാൻ, കോഴി, ഞണ്ട്, മാൻ, ആട്, പാമ്പ് തുടങ്ങിയ ജീവികളുടെ രൂപങ്ങളും തെയ്യാരാധനയുമായി ബന്ധപ്പെട്ട അണിയലങ്ങളുടെയും തിരുമുടിയുടെയും രൂപങ്ങൾ, ഒരു മീറ്റർ ഉയരം വരുന്ന നിലവിളക്ക്, വാൾ, കൊടിയിലയുടെ മൂന്ന് രൂപങ്ങൾ, അടക്ക, തൃശൂലം, മെതിയടി എന്നിങ്ങനെ നിരവധി രൂപങ്ങളാണ് മണ്ണിനിടയിൽ നിന്ന് കണ്ടെത്തിയത്. വാർഡ് മെമ്പർ കെ. ശൈലജ, ബീറ്റ് ഓഫീസർ ടി.വി.പ്രമോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് ഹാരിസ് എന്നിവരും സ്ഥലം സന്ദർശിച്ചു.

No comments