Breaking News

ബൈക്കിൽ സഞ്ചരിച്ച് നിരവധി സ്ത്രീകളുടെ മാലകൾ പൊട്ടിച്ച പ്രതികൾ അറസ്റ്റിൽ, പ്രതികൾ ചന്തേരയിൽ നിന്നും ആഭരണം കവർന്നു


ചെറുവത്തൂർ: ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്കിലെത്തി വഴി യാത്രക്കാരിയുടെ കഴുത്തിൽ നിന്ന് സ്വർണ്ണമാല പൊട്ടിച്ചോടിയ കേസിലെ പ്രതികൾ സമാനമായ മറ്റൊരു കേസിൽ അറസ്റ്റിൽ. കൂത്തുപറമ്പ്, കതിരൂരിലെ ടി മുദസിർ (35), മലപ്പുറം, വാഴയൂർ, പുതുക്കോട്ടെ എ.ടി ജാ ഫർ (28) എന്നിവരെയാണ് ചക്കരക്കൽ പോലീസ് അറസ്റ്റു ചെയ്തത്. ജനുവരി ഒമ്പതിന് വൈകുന്നേരം ആറരയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ഐവർകുളം സ്വദേശിനിയായ എ.പ്രേമജയുടെ (57) മൂന്നേകാൽ പവൻ തൂക്കം വരുന്ന മാല പൊട്ടിച്ചോടിയ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്, കവർച്ച ചെയ്ത മാല ഉരുക്കിയ നിലയിൽ സുൽത്താൻ ബത്തേരിയിലെ ആഭരണശാലയിൽ നിന്ന് കണ്ടെടുത്തു. നൂറിലേറെ സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യം പരിശോധിച്ചാണ് പ്രതികൾ അടുത്തിടെ കണ്ണവം പോലീസ് അറസ്റ്റു ചെയ്ത കേസിലെ പ്രതികളാണ് മാല പൊട്ടിച്ചതെന്ന് വ്യക്തമായത്. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സ്വർണ്ണം സുൽത്താൻ ബത്തേരിയിൽ വിറ്റതായി സമ്മതിച്ചത്. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇവർക്കെതിരെ സമാനമായ 20ൽ അധികം കേസുകളുള്ളതായി പോലീസ് പറഞ്ഞു.

No comments