വന്യമൃഗശല്യമുൾപ്പെടെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ മുൻനിർത്തി കർഷകസ്വരാജ് സത്യാഗ്രഹത്തിന് മലയോരമൊരുങ്ങുന്നു
വെള്ളരിക്കുണ്ട് : വന്യമൃഗശല്യമുൾപ്പെടെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട ആറ് ആവശ്യങ്ങൾ മുൻനിർത്തി വെള്ളരിക്കുണ്ട് കേന്ദ്രീകരിച്ച് പ്രഖ്യാപിച്ചിരിക്കുന്ന കർഷകസ്വരാജ് സത്യാഗ്രഹത്തിന് ബഹുജന അടിത്തറ ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ മുന്നേറുകയാണ്. അതിൻ്റെ ഭാഗമായി സത്യാഗ്രഹ സമിതിക്ക് പിൻബലമേകാൻ വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനാ പ്രതിനിധികളെ ഉൾക്കൊള്ളിച്ചുള്ള സത്യാഗ്രഹ സഹായ സമിതിയ്ക്ക് രൂപം നൽകി. ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം രക്ഷാധികാരിയും കെ.വി. മധുസൂദനൻ (റിട്ട. ഐ.ജി) ചെയർമാനും ബ്ലോക്കു് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് കോർഡിനേറ്ററുമായുള്ള സമിതിക്കാണ് രൂപം കൊടുത്തിട്ടുള്ളത്. കേരള കർഷക സംഘം ഏരിയ സെക്രട്ടറി ടി.പി. തമ്പാൻ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻ്റ് പി.ജി. ദേവു്, കിസാൻ സർവ്വീസ് സൊസൈറ്റി ചെയർമാൻ ടി.എം. ജോസ് തയ്യിൽ, കേരള കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ജെറ്റോ ജോസഫ്,കേരള കോൺഗ്രസ്സ് (എം) സംസ്ഥാന സമിതിയംഗം ഷാജി വെള്ളംകുന്നേൽ, ഫെയർ ട്രേഡ് അലയൻസ് കേരള ചെയർമാൻ സണ്ണി നെടും തകടിയേൽ എന്നിവരാണ് വൈസ് ചെയർമാൻമാർ.ജിമ്മി ഇടപ്പാടി, ചന്ദ്രൻ കളത്തിത്തൊടി, ബേബി കുഞ്ചറക്കാട്ട്, എൽ. കെ.ബഷീർ, സാജൻ പുഞ്ച എ.സി. ലത്തീഫ്എന്നിവരാണ് കൺവീനർമാർ. ഇവർക്കു പുറമെ പഞ്ചായത്ത് മെമ്പർമാരായ അബ്ദുൾ ഖാദർ, തങ്കച്ചൻ കൊല്ലംപറമ്പിൽ, പി.സി. രഘുനാഥൻ,വിനു കെ.ആർ, സിൽവി ജോസഫ്, എം.രാഘവൻ, ലില്ലിക്കുട്ടി ഡെന്നീസ്, വിഷ്ണു കെ.എന്നിവരും വിവിധ സാമൂഹ്യ സംഘടനാനേതാക്കളുമടങ്ങുന്ന വിപുലമായ സത്യാഗ്രഹ സഹായ സമിതിക്കാണ് രൂപം കൊടുത്തിട്ടുള്ളത്.
ഇതിനോടകം മുഖ്യമന്ത്രിക്ക് നൽകിയിട്ടുള്ള നിവേദനത്തിൻ്റെ കോപ്പി എല്ലാ എം.എൽ എ മാർക്കും ,എം.പിമാർക്കും , രാഷ്ട്രീയ കക്ഷികൾ ക്കുമയക്കുന്ന പ്രത്യേക പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടാതെ കർഷകസ്വരാജ് സത്യാഗ്രഹമാരംഭിക്കുന്നതു സംബന്ധിച്ച് ജനങ്ങളുമായി ചർച്ച ചെയ്യുന്നതിനായി വെള്ളരിക്കുണ്ട് താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി മാർച്ച് ആദ്യവാരം മുതൽ കർഷകസ്വരാജ് സദസ്സുകൾ സംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നു വരുന്നു. ആദ്യത്തെ കർഷകസ്വരാജ് സദസ്സ് ആനമഞ്ഞളിൽ നടക്കും.
മുഖ്യമന്ത്രിക്കു് നൽകിയിട്ടുള്ള നിവേദനത്തിൻമേൽ തുടർ നടപടികൾക്കായി ന്യായമായ സമയം കാത്തിരിക്കുന്നതോടൊപ്പം തന്നെയാണ് സത്യാഗ്രഹത്തിനായുള്ള ഒരുക്കങ്ങളും നടത്തുന്നത്.
No comments