കാസർകോട് ജില്ലാ പഞ്ചായത്തിന്റെ കുട്ടികളുടെ സിനിമ പച്ച തെയ്യം ചിത്രീകരണം പൂർത്തിയായി ഗോപി കുറ്റിക്കോൽ തിരക്കഥയും സംവിധാനവും നിർവഹിച്ച സിനിമ പാണത്തൂർ, ബേഡകം തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരിച്ചത്
കാസർകോട് ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന സൺഡെ തിയറ്ററിൻ്റെ കുട്ടികളുടെ സിനിമ പച്ചത്തെയ്യം ചിത്രീകരണം പൂർത്തിയായി. പ്രശസ്ത നാടക-സിനിമാ പ്രവർത്തകൻ ഗോപി കുറ്റിക്കോൽ തിരക്കഥയും സംവിധാനവും നിർവഹിച്ച സിനിമ പാണത്തൂർ, ബേഡകം തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരിച്ചത്. 12 ദിവസമായിരുന്നു ഷൂട്ടിംഗ്.സൺഡേ തീയറ്ററിൽ നടത്തിയ മൂന്നു ദിവസത്തെ അഭിനയ ശില്പശാലയിൽ നിന്നാണ് കുട്ടികളെ തെരഞ്ഞെടുത്തത്.വീഡിയോ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളും നാടൻകളികളിലൂടെ നിഷ്കളങ്കരായ കുട്ടികൾ നടത്തുന്ന പ്രതിരോധവും ആണ് പ്രമേയം. ഗെയിമിന് അടിമപ്പെട്ട കുട്ടികളെ തിരികെ കൊണ്ടുവരാൻ ഗ്രാമത്തിലെ നിഷ്കളങ്കരായ കുട്ടികൾ നടത്തുന്ന ശ്രമവും ഗെയിമിന് അടിമപ്പെട്ട കുട്ടികൾ ഗ്രാമത്തിലെ കുട്ടികളെ വീഡിയോ ഗെയ്മിലേക്ക് കൊണ്ടുപോകാൻ നടത്തുന്ന ശ്രമങ്ങളുമാണ് പ്രമേയം. ജില്ലാ പഞ്ചായത്ത് ആരോഗ്യ ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.എസ് എൻ സരിത സ്വിച്ച് ഓൺ നിർവഹിച്ച ചിത്രത്തിൻറെ ചിത്രീകരണ വേളയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ എന്നിവരും ചിത്രീകരണം വീക്ഷിക്കാൻ എത്തി.
ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 24 കുട്ടികളും സിനിമാ നടൻമാരായ സന്തോഷ് കീഴാറ്റൂർ , ഉണ്ണിരാജ് , രാജേഷ് അഴിക്കോടൻ , സുരേഷ് മോഹൻ, സി പി ശുഭ . കുട്ടികളായ ശ്രീഹരി, പാർവണ കൃഷ്ണജിത്ത് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം മനോജ് സേതു .സതീഷ് ബാബു ക്രിയേറ്റീവ് ഡയരക്ടറായും അനൂപ് രാജ് ഇരിട്ടി ചീഫ്അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിക്കുന്നു . അനന്തകൃഷ്ണൻ (കല) അനീഷ് കുറ്റിക്കോൽ (പ്രൊഡക്ഷൻ കൺട്രോളർ) സംഗീതം ,-കാഞ്ഞങ്ങാട് രാമചന്ദ്രൻ, ഗാനങ്ങൾ സേതുമാധവൻ പാലാഴി , പശ്ചാത്തല സംഗീതം ജോജി. ഗോപി കുറ്റിക്കോൽ സംവിധാനം ചെയ്യുന്ന ആറാമത്തെ സിനിമയാണിത്.
ഒരു മണിക്കൂർ 20 മിനിറ്റ് ദൈർഘ്യമുള്ളതാണ് ചിത്രം. മാർച്ച് അവസാനവാരം പ്രദർശനത്തിന് എത്തും.
No comments