Breaking News

മലയോര ഹൈവേ: പരിഹാര വനവൽക്കരണത്തിന് 4.332 ഹെക്ടർ ഭൂമി വനം വകുപ്പിന് കൈമാറും


മാലോം : മലയോര ഹൈവേയുടെ എടപ്പറമ്പ-കോളിച്ചാല്‍ റീച്ചില്‍ പരിഹാര വനവല്‍ക്കരണത്തിന് 4.332 ഹെക്ടര്‍ ഭൂമി വനം വകുപ്പിന് കൈമാറുന്നതിന് മന്ത്രിസഭ അനുമതി നല്‍കിയെന്നു സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അറിയിച്ചു. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശ പ്രകാരം സംസ്ഥാന വനം വകുപ്പിന്റെ പേരില്‍ പോക്കുവരവ് ചെയ്യുന്നതിനാണ് ഉടമസ്ഥാവകാശം കൈമാറുന്നത്.

മലയോര ഹൈവെ നന്ദാരപ്പദവ്-ചേവാര്‍ റീച്ച് പൂര്‍ത്തിയാക്കിയതായി അദ്ദേഹം പറഞ്ഞു. കോളിച്ചാല്‍-എടപ്പറമ്പ റീച്ചില്‍ വനഭൂമിയിലൂടെ കടന്നു പോകുന്ന ഭാഗമാണ് ഇനി നിര്‍മ്മാണം ആരംഭിക്കാനുള്ളത്. ഇവിടെ നഷ്ടമാകുന്ന വനഭൂമിക്ക് പകരം പരിഹാരവനംവല്‍ക്കരണത്തിനായി ഭൂമി വനംവകുപ്പിന് കൈമാറിയാല്‍ മാത്രമേ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയുള്ളു. നേരത്തെ വെള്ളരിക്കുണ്ട് താലൂക്കിലെ ഭീമനടിയില്‍ റവന്യൂ ഭൂമി കണ്ടെത്തിയിരുന്നു. കെ.എസ്.ഇ.ബിയുടെ ഉഡുപ്പി-കരിന്തളം പദ്ധതിക്ക് വേണ്ടി പ്രസ്തുത ഭൂമി നല്‍കിയതിനാല്‍, മലയോര ഹൈവേക്ക് ഭൂമി നല്‍കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. തുടര്‍ന്ന്  മാലോം വില്ലേജില്‍ 4.332 ഹെക്ടര്‍ ഭൂമി കണ്ടെത്തുകയും, വനംവകുപ്പിന് കൈമാറുകയുമായിരുന്നു. വനഭൂമിയില്‍ വരുന്ന  പാലങ്ങളുടെ നിര്‍മ്മാണവും, വനഭൂമിയില്‍ വരുന്ന റോഡുകളുടെ നിര്‍മ്മാണവും പകരം ഭൂമി വിട്ടുനല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആരംഭിക്കുമെന്നു അറിയിപ്പില്‍ പറഞ്ഞു.

No comments