Breaking News

നീലേശ്വരം സ്വദേശിയായ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥന്റെ കാൽ റെയിൽവേ പൊലീസ് അടിച്ചുതകർത്ത സംഭവത്തിൽ അന്വേഷണമാരംഭിച്ചു


നീലേശ്വരം : മംഗളൂരു റെയിൽവേ സ്റ്റേഷനിലെ ബെഞ്ചിൽ കിടന്നുറങ്ങിയ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥന്റെ കാൽ റെയിൽവേ പൊലീസ് അടിച്ചുതകർത്ത സംഭവത്തിൽ അന്വേഷണമാരംഭിച്ചു. നീലേശ്വരം അങ്കക്കളരിയിൽ പി വി സുരേശന്റെ (54) പരാതിയിലാണ് നടപടി. സംഭവത്തിന് ശേഷം കാലിൽ പഴുപ്പ് വന്നതോടെ സുരേശന്റെ കാൽ കഴിഞ്ഞ ദിവസം മുറിച്ചു മാറ്റിയിരുന്നു. കഴിഞ്ഞ 11നാണ് ദാരുണമായ സംഭവം. മംഗളൂരുവിൽ സെക്യൂരിറ്റി ജീവനക്കാരനായ സുരേശൻ മിലിട്ടറി കാന്റീനിൽ കയറിയ ശേഷം സ്റ്റേഷനിൽ എത്തിയതായിരുന്നു. ട്രെയിൻ കാത്ത് സ്റ്റേഷൻ ബെഞ്ചിൽ കിടക്കുന്നതിനിടെ ഉറങ്ങിപ്പോയി. ഈ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ലാത്തികൊണ്ട് കാലിൽ തുടരെ അടിച്ചു. പൊലീസുകാരൻ മലയാളം സംസാരിച്ചിരുന്നതായി സുരേശന്റെ മൊഴിയിൽ പറയുന്നു. തുടർന്ന് അടിയേറ്റ് നിലത്തുവീണ സുരേശൻ മകളെ ഫോണിലൂടെ വിവരമറിയിച്ചു. മകൾ പൊലീസിൽ വിവരമറിയിക്കുകയും സുരേശനെ അവശനിലയിൽ കണ്ടെത്തുകയും ചെയ്തു. പ്രഥമശുശ്രൂഷയ്ക്ക് ശേഷം നാട്ടിലെത്തിയ സുരേശന്റെ കാലിൽ നീര് കൂടി വീർത്തതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ മംഗളൂരുവിലെ സ്വകാര്യ ആശുപ്രതിയിലേക്കും മാറ്റി. എന്നാൽ മസിൽ തകർന്ന് ഗുരുതരാവസ്ഥയിലാണെന്ന് കണ്ടതിനെ തുടർന്ന് കാൽ മുട്ടിനു താഴെവച്ച് മുറിച്ചുമാറ്റേണ്ടി വന്നു. ഇത് സംബന്ധിച്ച് റെയിൽവെ ഇന്റലിജൻസ് വിഭാഗം വെള്ളിയാഴ്ച മംഗളുരുവിലെ ആശുപത്രിയിലെത്തി സുരേശനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ബന്ധുക്കളുടെ പരാതിയിൽ മംഗളൂരു പൊലീസ് കേസെടുത്തിട്ടുണ്ട്.

No comments