1930 കളിൽ ബ്രിട്ടീഷുകാർ നിർമിച്ച ചരിത്രശേഷിപ്പായ നീലേശ്വരം കരുവാച്ചേരിയിലെ ഫാം അതിഥി മന്ദിരം നാശത്തിന്റെ വക്കിൽ
നീലേശ്വരം : ചരിത്രശേഷിപ്പായ നീലേശ്വരം കരുവാച്ചേരിയിലെ ഫാം അതിഥി മന്ദിരം നാശത്തിന്റെ വക്കിൽ. 1930 കളിൽ ബ്രിട്ടീഷുകാർ നിർമിച്ച അതിഥി മന്ദിരമാണ് സംരക്ഷണമില്ലാതെ നശിക്കുന്നത്. കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള ഈ അതിഥി മന്ദിരത്തിൽ മുഖ്യമന്ത്രിമാരായിരുന്ന ഇ എം എസ്, ഇ കെ നായനാർ, കെ കരുണാകരൻ, വിഖ്യാത കാർഷിക ശാസ്ത്രജ്ഞൻ ഡോ. എം എസ് സ്വാമിനാഥൻ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ ഇവിടെ ആതിഥ്യമനുഭവിച്ചവരാണ്. എന്നാൽ വർഷങ്ങളായി ആരും തിരിഞ്ഞുനോക്കാനില്ലാതെ മന്ദിരം അവഗണനയിലാണ്. കെട്ടിടത്തിന്റെ പല ഭാഗങ്ങളും പൊളിഞ്ഞു വീഴാൻ തുടങ്ങി. മനോഹരമായ പഴയ കെട്ടിടത്തിലെ രണ്ട് മുറികളിലൊന്ന് ശീതികരിച്ചതാണ്.
ദേശീയപാതയോരത്താണെങ്കിലും ഗ്രാമീണ അന്തരീക്ഷമുള്ള അതിഥിമന്ദിരത്തിൽ മുൻകാലങ്ങളിൽ താമസിക്കാൻ നിരവധി പ്രമുഖർ പേർ എത്തിയിരുന്നു.
നീലേശ്വരത്തുനിന്ന് വിജയിച്ച് ഇ എം എസ് കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ശേഷം മണ്ഡലത്തിലെത്തിയപ്പോൾ താമസിച്ചത് ഈ അതിഥി മന്ദിരത്തിലായിരുന്നു. അദ്ദേഹം അന്ന് ഈ അതിഥി മന്ദിരത്തിന്റെ മുറ്റത്ത് ഒരു തെങ്ങും നട്ടിരുന്നു. അതും സംരക്ഷണമില്ലാത്ത അവസ്ഥയിലാണ്.
No comments