ഒടയംചാൽ കാവേരിക്കുളത്ത് വീണ്ടും പുലിയിറങ്ങിയതായി സംശയം പറമ്പിൽ കെട്ടിയിരുന്ന ആടിനെ കടിച്ചുകൊന്നു
രാജപുരം : ഒടയംചാൽ ചക്കിട്ടടുക്കം കാവേരിക്കുളത്ത് വീണ്ടും പുലിയിറങ്ങി. പറമ്പിൽ കെട്ടിയിരുന്ന ആടിനെ കടിച്ചുകൊന്നു. കാവേരിക്കുളത്തെ വട്ടക്കളം ജോർജിന്റെ ആടിനെയാണ് കൊന്നത്. ഞായറാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. വീടിന് 200 മീറ്റർ അകലെയുള്ള പറമ്പിൽ ആടുകളെ തീറ്റ തേടാനായി കെട്ടിയിട്ടതായിരുന്നു.
വൈകിട്ടോടെ അവയെ അഴിക്കാനായി വീട്ടുകാരെത്തിയപ്പോഴാണ് ആടിനെ പുലി പിടിച്ചതായി കണ്ടത്. ബഹളം വച്ചതോടെ ആടിനെ ഉപേക്ഷിച്ച് പുലി ഓടിപ്പോകുകയായിരുന്നുവെന്ന് ജോർജ് പറയുന്നു. വിവരമറിഞ്ഞ് നാട്ടുകാർ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. പനത്തടി സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബിമൽരാജ്, വിഷ്ണു കൃഷ്ണൻ, കെ.രതീഷ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് പരിശോധന നടത്തുകയും ചെയ്തു. പുലിയാണെന്ന് തന്നെയാണ് വനംവകുപ്പ് അധികൃതരുടെയും പ്രാഥമിക നിഗമനം. പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കാനാണ് തീരുമാനം. മരുതോം വനാതിർത്തിയോ
ട് ചേർന്നു കിടക്കുന്ന പ്രദേശമാണ് കാവേരിക്കുളം. കഴിഞ്ഞ മാസം 27 നും കാവേരിക്കുളത്ത് പുലിയെ കണ്ടിരുന്നു. എന്നാൽ വളർത്തുമൃഗങ്ങളെയൊന്നും ആക്രമിച്ചിരുന്നില്ല. മരുതോം വനാതിർത്തി മേഖലയായ പരപ്പ പന്നിയെറിഞ്ഞ കൊല്ലി വീട്ടിയോടി ഭാഗത്തും ഒരു മാസം മുൻപ് പുലിയിറങ്ങി ആടിനെ പിടിച്ചിരുന്നു. കഴിഞ്ഞ ദിവസം പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തിലെ ആയമ്പാറ, പാറപ്പള്ളി തട്ടുമ്മൽ എന്നിവിടങ്ങളിലും നാട്ടുകാർ പുലിയെ കണ്ടിരുന്നു. മടിക്കൈ, വെള്ളൂട, വാഴക്കോട് ഭാഗങ്ങളിലും പുലിയുടെ സാന്നിധ്യം ആഴ്ചകൾക്ക് മുൻപ് സ്ഥീരീകരിച്ചിരുന്നു. നിരീക്ഷണ ക്യാമറ സ്ഥാപിച്ചെങ്കിലും പുലിയെ കണ്ടെത്താനായില്ല.
No comments