പുത്തൻ സ്വിഫ്റ്റ് കാറിൽ കുമ്പളയിലേക്ക് കടത്തുകയായിരുന്ന 21.5 ഗ്രാം എംഡിഎംഎയുമായി നാലു പേർ അറസ്റ്റിൽ
കാസർകോട് : പുത്തൻ സ്വിഫ്റ്റ് കാറിൽ കുമ്പളയിലേക്ക് കടത്തുകയായിരുന്ന 21.5 ഗ്രാം എംഡിഎംഎയുമായി നാലു പേർ അറസ്റ്റിൽ. ഉപ്പള, കൊടിബയലിലെ ഇബ്രാഹിം സിദ്ദിഖ്(33), കാസർകോട്, അഡുക്കത്ത്ബയൽ സ്വദേശികളായ മുഹമ്മദ് സാലി (49), മുഹമ്മദ് സവാദ് (28), ഉപ്പള പ്രതാപ് നഗറിലെ മൂസ ഷരീഫ് (30) എന്നിവരെയാണ് കുമ്പള ഇൻസ്പെക്ടർ കെ.പി വിനോദ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് മയക്കുമരുന്നു വേട്ട നടത്തിയത്. എസ്ഐ കെ. ശ്രീജേഷ്, എഎസ്ഐ മനോജ്, സിപിഒമാരായ ചന്ദ്രൻ, ശരത്, ഡാൻസാഫ് ടീം അംഗങ്ങളായ രജീഷ് കാട്ടാമ്പള്ളി, നിജിൽ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി ഒൻപതു മണിയോടെ മയക്കുമരുന്നുമായി എത്തിയ സ്വിഫ്റ്റ് കാർ ബന്തിയോട് റോഡിലെ ചേവാറിൽ തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഇബ്രാഹിം സിദ്ദിഖ് മറ്റൊരു മയക്കുമരുന്നു കേസിൽ അഞ്ചു വർഷത്തെ തടവ് ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് ജയിലിൽ നിന്നു ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
No comments