ബേഡകം കൊളത്തൂരിൽ പുലി വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങി
കാസർകോട് : കഴിഞ്ഞ ഒന്നരമാസമായി പുലി ഭീതി നിലനിൽക്കുന്ന ബേഡകം, കൊളത്തൂരിൽ പുലി വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങി. ഞായറാഴ്ച രാത്രിയാണ് നിടു വോട്ടു സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്. ആവലു കാലിലെ മധുസൂദനന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്ഥാപിച്ച കൂട്ടിൽ ആണ് പുലി കുടുങ്ങിയത്. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. പുലിയുടെ സാന്നിധ്യം പറഞ്ഞുകേട്ടിട്ടുള്ള മേഖലയാണിത്. രണ്ടാഴ്ച മുമ്പ് സമീപപ്രദേശമായ മടന്തക്കോട്ട് പുലിമട പോലൊരു ഗുഹയ്ക്കകത്തു പുലിയെ കണ്ടെത്തിയിരുന്നു. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പിടികൂടാനുള്ള ഒരുക്കം നടത്തിയിരുന്നു. മയക്കു വെടി വെക്കാനുള്ള ശ്രമത്തിനിടെ പുലർച്ചെ പുലി രക്ഷപ്പെടുകയായിരുന്നു. നിടുവോട്ട് ഗുഹക്ക് സമീപം സ്ഥാപിച്ച ക്യാമറയിൽ രണ്ടു പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു. ഇതേ തുടർന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച വനംവകുപ്പ് കൂട് സ്ഥാപിച്ചത്. പിടികൂടിയ പുലിയെ കാട്ടിൽ വിടാനാണ് വനംവകുപ്പിന്റെ നീക്കം.
No comments