ബംഗളൂരുവിൽ യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കിയ നിലയിൽ കണ്ടെത്തി
ബംഗളൂരു : ബംഗളൂരുവിൽ യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കിയ നിലയിൽ കണ്ടെത്തി. ഹൂളിമാവിൽ താമസിച്ചിരുന്ന ഗൗരി അനിൽ സംഭേക്കറാണ് (32) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗൗരിയുടെ ഭർത്താവ് രാകേഷിനെ പൊലീസ് പുണെയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇരുവരും മഹാരാഷ്ട്ര സ്വദേശികളാണ്. ഗൗരിയുടെ മാതാപിതാക്കളെ വിളിച്ച് രാകേഷ് തന്നെയാണ് മരണവിവരം പറഞ്ഞതെന്നാണ് റിപ്പോർട്ട്.
മരണം നടന്നതായി സംശയിക്കുന്നെന്നു പറഞ്ഞ് പൊലീസിന് ഫോൺ വന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. വീടിന്റെ വാതിൽ പൂട്ടിയ നിലയിലായിരുന്നു. വാതിൽ തുറന്ന് അകത്തുകടന്നപ്പോൾ ബാത്റൂമിലാണ് സ്യൂട്ട്കേസ് കണ്ടത്. തുറന്നു പരിശോധിച്ചപ്പോൾ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. യുവതിയുടെ ശരീരത്ത് പരിക്കേറ്റതിന്റെ നിരവധി പാടുകളുള്ളതായി പൊലീസ് പറഞ്ഞു.
കൊലപാതകത്തിനു ശേഷം പുണെയിലേക്ക് കടന്നുകളഞ്ഞ രാകേഷിനെ പുണെ പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് വർഷം മുമ്പാണ് ഗൗരിയും രാകേഷും വിവാഹിതരായത്. കൊലപാതകത്തിനു പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
No comments