ജ്യൂസിൽ മദ്യം കലർത്തി നൽകി യുവതിയുടെ നഗ്ന ഫോട്ടോയെടുത്തെന്ന പരാതിയിൽ യുവാവ് ചന്തേര പൊലീസിന്റെ പിടിയിലായി
കാലിക്കടവ്: ജ്യൂസിൽ മദ്യം കലർത്തി നൽകി യുവതിയുടെ നഗ്ന ഫോട്ടോയെടുത്തെന്ന പരാതിയിൽ വടകര വില്യാപള്ളിയിലെ മുഹമ്മദ് ജാസ്മിൻ (26) ചന്തേര പൊലീസിന്റെ പിടിയിലായി.പടന്നയിലെ ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന ഭർതൃമതിയുടെ പരാതിയിലാണ് അറസ്റ്റ്. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കരിപ്പൂരിൽ വച്ചാണ് ഈയാളെ അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് നാല് ദിവസം വീട്ടിൽ യുവതിയുടെ കൂടെ കഴിഞ്ഞിരുന്നു. ഇതിനിടയിലാണ് ജ്യൂസിൽ മദ്യം കലർത്തി നൽകി നഗ്ന ഫോട്ടോ എടുത്തത്. ഫോട്ടോ ഭർത്താവിനും മകൾക്കും നൽകുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പണം ആവശ്യപ്പെട്ട് തുടങ്ങിയതോടെ ഗത്യന്തരമില്ലാതെ യുവതി ചന്തേര പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത് അന്വേഷണം തുടങ്ങിയപ്പോൾ ഒളിവിൽ പോയ പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ ഖത്തറിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ കരിപ്പൂർ വിമാനതാവളത്തിൽ എമിറേറ്റ്സ് വിഭാഗം തടഞ്ഞുവച്ച് ചന്തേര പൊലീസിനെ അറിയിച്ചു. പിന്നാലെ പ്രബേഷൻ എസ്.ഐ സംഘവും വിമാനതാവളത്തിൽ എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഹോസ്ദുർഗ് കോടതിയിൽ ഈയാളെ ഹാജരാക്കുകയായിരുന്നു. കോടതി ഈയാളെ റിമാൻഡ് ചെയ്തു.
No comments