Breaking News

കെഎസ്എഫ്ഡിസി വുമൺ സിനിമ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന 'മുംത' യുടെ ചിത്രീകരണം ലോക വനിതാ ദിനത്തിൽ കാസർകോട്ട് പൂർത്തിയാകും


കാസർകോട് : സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (കെഎസ്എഫ്ഡിസി) വുമൺ സിനിമ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന 'മുംത' യുടെ ചിത്രീകരണം ശനിയാഴ്ച ലോക വനിതാ ദിനത്തിൽ കാസർകോട്ട് പൂർത്തിയാകും. സിനിമയുടെ അണിയറ പ്രവർത്തകരെല്ലാം സ്ത്രീകളാണ്. സംവിധായിക ഫർസാന കാസർകോട്ടുകാരിയായ വീട്ടമ്മയാണ് എന്ന പ്രത്യേകയുമുണ്ട്.
ബദിയഡുക്കയിലെയും കുമ്പഡാജെയിലെയും പരിസര പ്രദേശങ്ങളാണ് സിനിമയുടെ ലൊക്കേഷൻ. ഫർസാനയുടെ തിരക്കഥ കെഎസ്എഫ്ഡിസി പരിശോധിച്ച് അംഗീകരിച്ച ശേഷമാണ് നിർമിക്കുന്നത്. അതിന് മുന്നോടിയായി തിരുവനന്തപുരം ചിത്രാഞ്ജലിയിൽ ശിൽപശാലയും നടത്തി. ഉമ്മയുടെയും മകളുടെയും അതിജീവനത്തിന്റെ കഥയാണ് മുംത പറയുന്നത്. കുമ്പഡാജെയിലെ പുതക്കളയിലെ ഉണക്കപുൽമേട്ടിലാണ് ചിത്രീകരണം. ഉൾഗ്രാമങ്ങളിലെ നിർധനരായ ജനങ്ങളുടെ വരണ്ട ജീവിതവും സിനിമ വരച്ചുകാട്ടുന്നു. പത്താം ക്ലാസുകാരി ധനലക്ഷ്മിയാണ് മുംതാ എന്ന കേന്ദ്ര കഥാപാത്രം ചെയുന്നത്. ഡോ. വൃന്ദ, നന്ദിനി, സന്തോഷ് കീഴാറ്റൂർ, നവാസ് വള്ളിക്കുന്ന്, സിബി തോമസ് തുടങ്ങിയവരും അമ്പതോളം നാട്ടുകാരും വേഷമിട്ടു.രേവതി സംവിധാനം ചെയ്ത് ശോഭന മുഖ്യവേഷത്തിലെത്തിയ മിത്-- മൈ ഫ്രണ്ട് സിനിമയിൽ ക്യാമറ ചെയ്ത ഫൗസിയ ഫാത്തിമയാണ് മുംതയുടെ ഛായാഗ്രഹണം. പുഴു സിനിമയുടെ സംവിധായിക പി ടി രതീന ലൈൻ പ്രൊഡ്യൂസറായെത്തി. സഹ സംവിധാനം: രമ്യാ സർവദ, എഡിറ്റിങ്: വീണ ജയപ്രകാശ്, ആർട്ട്: ദുന്ദു രഞ്ജീവ്, വസ്ത്രാലങ്കാരം: ഫെമിന ജബ്ബാർ, ചമയം: ഐറിൻ ജോസഫ്, സംഗീതം: അനിതാ ഷെയ്ഖ്, ശബ്ദം: മാനസ എന്നിവരാണ് പിന്നണിയിലുള്ള പെണ്ണുങ്ങൾ. വെറ്ററിനറി സർജനായ ഡോ. ബിനി അസഫർ ആണ് ഫർസാനയുടെ ഭർത്താവ്. ചെമ്മനാട് മഹീനിക്ക തറവാട് അംഗമാണ്. ഉപ്പ: പി കെ മാഹിൻ, ഉമ്മ: ജമീല. മക്കൾ: ഫസീർ, ആയിഷ.

No comments