Breaking News

മാർച്ച് 22 ലോക ജലദിനം ജലത്തെ സംരക്ഷിക്കാം... ജീവൻ നിലനിർത്താം.... സുനിൽകുമാർ കരിച്ചേരി


മനുഷ്യനും മറ്റുജീവജാലങ്ങൾക്കും, സസ്യലതാദികൾക്കും അവയുടെ ജീവൻ നിലനിർത്താൻ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ ജലം.

 ശുദ്ധജല ക്ഷാമം അതിരൂക്ഷമാകുന്ന വർത്തമാന കാലത്ത് ഏറെ വിശേഷപ്പെട്ട ഒരു ദിനമാണ് ലോകജലദിനം .

ഐക്യരാഷ്ട്ര സഭ നിർദ്ദേശമനുസരിച്ച് 1993 മാർച്ച് 22 മുതലാണ് ലോകജലദിനം ആചരിച്ചു തുടങ്ങിയത്.

ഏറെ പ്രത്യേകതകളുള്ള ഒരു രാസ സംയുക്തമാണ് ജലമെന്ന് നമുക്കറിയാം.

 ഖരം ,ദ്രാവകം, വാതകം എന്നീ മൂന്ന് അവസ്ഥകളിലും സ്ഥിതി ചെയ്യാൻ സാധിക്കുന്ന ജലം ഇല്ലാതെയുള്ള ഒരു ഭൂമി സങ്കൽപ്പിക്കാൻ പോലും സാധ്യമല്ല. 


 ലോകവ്യാപകമായി ജല വിഭവങ്ങളെ എങ്ങനെ സംരക്ഷിക്കാമെന്നും ജലവും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം എങ്ങനെ 

മെച്ചപ്പെടുത്താമെന്നുമുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് ജലദിനം ആചരിച്ചു വരുന്നത്.

 2025ലെ ലോക ജല ദിനത്തിൻറെ പ്രമേയം ഹിമാനികളുടെ സംരക്ഷണം

എന്നതാണ്.

കാലവസ്ഥ വ്യതിയാനത്തിൻ്റേയും ആഗോള താപനത്തിൻ്റേയും ദുരന്തങ്ങൾ വെളിപ്പെടുത്തുന്ന ഒരു അടിയന്തര അഭ്യർത്ഥന കൂടിയാണിത്.


വർത്തമാനകാല ലോകം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ ഒന്നാണ് ശുദ്ധജല ദൗർലഭ്യം. ലോകത്ത് ആകെ 2.8 ബില്യൺ ജനങ്ങൾക്ക് ശുദ്ധജലം ഇല്ലാത്തതിന്റെ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് വിവിധ പഠനങ്ങൾ പറയുന്നു.

ഭൂമുഖത്ത് ആകെയുള്ള ജലത്തിൻറെ രണ്ടര ശതമാനം മാത്രമാണ് ശുദ്ധജലം. ആകെ ജലത്തിൻറെ 97.5% ലവണ ജലമായി സമുദ്രങ്ങളിൽ ആണ്. ജൈവ വൈവിധ്യത്തിൻ്റെ കലവറയാണ് കടലുകൾ എന്നും നമുക്കറിയാം.

ആകെ ശുദ്ധജലത്തിന്റെ 87 ശതമാനവും മഞ്ഞുമലകളായാണ് കാണപ്പെടുന്നത്.

 12% ഭൂജലമായും കേവലം ഒരു ശതമാനം ഭൂമിയുടെ ഉപരിതലത്തിലും കാണപ്പെടുന്നു.


 ജലത്തിൻറെ ഏറ്റവും പ്രധാന സ്രോതസ്സാണ് മഴയും മഞ്ഞും ഉൾപ്പെടെയുള്ള അന്തരീക്ഷ ജലം.ഭൂമിയുടെ അന്തർഭാഗത്ത് നിസർഗ്ഗ ജലമായും നവജാത ജലമായും ഇത് കാണപ്പെടുന്നുണ്ട്.

 ശുദ്ധജല സംരക്ഷണം എന്നത് മറ്റു 

പ്രകൃതി വിഭവങ്ങളുടെ കൂടി സംരക്ഷണമാണെന്ന ബോധ്യം നമ്മുക്കുണ്ടാകണം.

പൊതു ഉപയോഗവും പുനരുപയോഗവും പ്രോത്സാഹിപ്പിക്കുക വഴി മാത്രമേ നമുക്ക് ജല സ്രോതസ്സുകളെ സംരക്ഷിച്ച് നിർത്താൻ സാധിക്കു.

ശുദ്ധജലക്ഷാമം നേരിടുന്ന രാജ്യങ്ങളിൽ പ്രധാനപ്പെട്ടവയാണ് ഇന്ത്യ, ചാഡ്, സുഡാൻ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, യമൻ ഇറാഖ് ഉൾപ്പെടെയുള്ളവ. 


   ഭൂമി ഉണ്ടായി കോടിക്കണക്കിന് വർഷങ്ങൾക്കു ശേഷം ഉണ്ടായ ജീവൻ നിലനിർത്തണമെങ്കിൽ ശുദ്ധജലം കൂടിയേ മതിയാകൂ എന്ന സാഹചര്യമാണ് ഉള്ളത്.  ശുദ്ധജല ദൗർലഭ്യം  പരിഹരിക്കുന്നതിനായി ഒട്ടനവധി പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപ്പിലാക്കി വരുന്നുണ്ട്. ഇത്തരത്തിൽ നടപ്പിലാക്കുന്ന നീർത്തട സംരക്ഷണ പദ്ധതികളിൽ പ്രധാനപെട്ടവയാണ് 

മഴവെള്ള കൊയ്ത്ത് ,

ജലപരിരക്ഷണ കേന്ദ്രങ്ങൾ, 

മണ്ണിന്റെ ആഗിരണശേഷി വർദ്ധിപ്പിക്കൽ ,

ചെക്ക് ഡാമുകൾ നിർമ്മിക്കൽ,

 വനവൽക്കരണം, കൃത്യമായ നിലയിലുള്ള പുനരുപയോഗം,

 കൃഷി രീതികൾ മെച്ചപ്പെടുത്തൽ,

 ജല ഉപയോഗം പരിമിതപ്പെടുത്തൽ തുടങ്ങിയവ.


കാലാവസ്ഥ വ്യതിയാനം, ആഗോളതാപനവും മൂലം വലിയ തോതിൽ മഞ്ഞു മലകൾക്ക് സംഭവിക്കുന്ന ശേഷണം ശുദ്ധജലദൗർലഭ്യത്തിന് ആക്കം കൂട്ടുന്നു.


  ശുദ്ധജല ദൗർലഭ്യം പരിഹരിക്കുന്നതിനായി വ്യത്യസ്തങ്ങളായ മാർഗങ്ങൾ ലോകരാജ്യങ്ങൾ തേടി വരുന്നുണ്ട്. ഇവയിൽ പ്രധാനപ്പെട്ടവയാണ് ലവണ ജലത്തെ ശുദ്ധീകരിച്ചു കുടിവെള്ളം നിർമ്മിക്കൽ, മഞ്ഞുപാളികളിൽ നിന്നും കുടിവെള്ളം നിർമ്മിക്കൽ, മഴ കിണറുകളിൽ നിന്നും ജലം ശേഖരിക്കൽ, 

രാസസംയുക്തങ്ങൾ ചേർത്ത് ജലം ശുദ്ധീകരിക്കൽ, മനുഷ്യവിസർജ്യത്തിൽ നിന്നും ശുദ്ധജലം നിർമ്മിക്കൽ തുടങ്ങിയവ.


മഞ്ഞു പാളികളിൽ നിന്നും ശുദ്ധജലം കണ്ടെത്തുന്ന പ്രധാനപ്പെട്ട രാജ്യങ്ങളാണ് നോർവേ, കാനഡ,അർജൻറീന സ്വീഡൻ,അന്റാർട്ടിക്ക തുടങ്ങിയവ.

ലവണ ജലം ശുദ്ധീകരിച്ചു കുടിവെള്ളം നിർമിക്കുന്നത് ഇന്ന് ലോക വ്യാപകമായ ഒരു പ്രക്രിയയാണ്. മലേഷ്യ സൗദി അറേബ്യ, ഒമാൻ ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിൽ ഇത് വ്യാപകമാണ്.

പൊതുശുദ്ധീകരണ കമ്പനികൾ ജലം ശുദ്ധീകരിച്ച് നൽകുന്ന രീതി ഇന്ത്യ, ചൈന ബ്രസീൽ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ പ്രചാരത്തിലുണ്ട്.

സൂര്യകാന്തി വെളിച്ചം, ക്ലോറിൻ ചേർക്കൽ,തുടങ്ങിയ പ്രക്രിയകൾ വഴി ജലം ശുദ്ധീകരിക്കുന്ന രാജ്യങ്ങളിൽ യുഎഇ, അർജൻറീന മെക്സിക്കോ എന്നിവ മുൻപന്തിയിലാണ്.

രൂക്ഷമായ കുടിവെള്ളക്ഷാമത്തിൻ്റെ പശ്ചാത്തലത്തിൽ മനുഷ്യ വിസർജ്യത്തിൽ നിന്ന് ഉൾപ്പെടെ ശുദ്ധീകരണ പ്രക്രിയ വഴി ശുദ്ധജലം കണ്ടെത്തുന്ന മാർഗ്ഗം വിവിധ രാജ്യങ്ങളിൽ സ്വീകരിച്ചു വരുന്നു. ഇസ്രയേൽ ,അർജൻറീന അമേരിക്ക, ഓസ്ട്രേലിയ ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇത്തരം രീതി പരീക്ഷിച്ചു വിജയിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ചില ഭാഗങ്ങളിലും ഈ രീതി പരീക്ഷിച്ചു വരുന്നു.


   മറ്റേതൊരു പ്രകൃതി വിഭവത്തേയും പോലെ തന്നെ കൃത്യമായ സുസ്ഥിര വികസന കാഴ്ചപ്പാടോടുകൂടി മാത്രം നാം ഉപയോഗിക്കേണ്ട ഒരു പ്രകൃതിവിഭവമാണ് ജലം എന്ന വസ്തുത ഇനിയെങ്കിലും തിരിച്ചറിയണ്ടേയിരിക്കുന്നു.

 അനാവശ്യമായി നാം ഉപയോഗിച്ചു കളയുന്ന ഓരോ തുള്ളി ജലത്തിനും നാം ഭാവിയിൽ വലിയ വില നൽകേണ്ടിവരും.

ഇപ്പോൾ തന്നെ കുപ്പിയിൽ ആയ ശുദ്ധജലം ഭാവിയിൽ കിട്ടാക്കനിയായി മാറുന്ന സാഹചര്യം ലോകത്തിൻ്റെ പല ഭാഗങ്ങളിലും ഉണ്ടാകും.

ശുദ്ധജലത്തെ മലിനപ്പെടുത്തുന്നത് ലോകവ്യാപകമായി വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട് . മലിനജലം ഉണ്ടാകുന്നതല്ല നാം ഉണ്ടാക്കുന്നതാണ്.

ലോകത്ത് മലിനജല ഉപഭോഗം മൂലം മനുഷ്യനും മറ്റ് പക്ഷി മൃഗാദികൾക്കും, സസ്യലതാദികൾക്കും ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും മാരകമായ രോഗങ്ങൾക്ക് അടിപ്പെടുകയും ചെയ്യുന്നു. പ്രതിവർഷം 14 ലക്ഷത്തിലേറെ ജനങ്ങൾ ശുചിത്വ -ശുദ്ധജല അഭാവം മൂലം മരണത്തിന് കീഴ്പ്പെടുന്നു  എന്നുള്ളത് ഏറെ സങ്കടകരമാണ് .

 ഒരു മൂന്നാം ലോകമഹായുദ്ധം ഉണ്ടെങ്കിൽ അത് ശുദ്ധജലത്തിനു വേണ്ടി ആയിരിക്കും എന്ന പ്രവചനങ്ങൾ ഒരുപക്ഷേ ശരിയായി കൂടെന്നില്ല.


  അന്തരീക്ഷത്തിലേയും, ഭൂമിയുടെ ഉപരിതലത്തിലെയും, ഭൂമിയുടെ അന്തർഭാഗത്തെയും ജലം മലിനപ്പെടുത്തില്ലെന്നും, ദുരുപയോഗം ചെയ്യില്ലെന്നും ,

സുസ്ഥിര വികസന കാഴ്ചപ്പാടോടുകൂടി മാത്രമേ ഉപയോഗിക്കുവെന്നും നമുക്ക് ഈ അവസരത്തിൽ പ്രതിജ്ഞ ചെയ്യാം.

No comments